MALAPPURAM

ബൈക്കില്‍ കൈക്കുഞ്ഞ്, പിടിവീഴില്ലെന്ന് കരുതി; പ്ലാന്‍ പൊളിഞ്ഞത് അവസാന നിമിഷം, ചുരമിറങ്ങി എക്സൈസ് വലയിലേക്ക്

മലപ്പുറം: കുട്ടികളെ മറയാക്കി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ മലപ്പുറം വഴിക്കടവ് ചെക്ക് പോസ്റ്റിൽ പിടിയിലായി. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ സി പി അസ്ലമുദ്ധീൻ, ഭാര്യ ഷിഫ്‌ന, കാവനൂർ സ്വദേശി മുഹമ്മദ് സാദത്ത്, വഴിക്കടവ് സ്വദേശി എൻ കെ കമറുദ്ധീൻ എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എം ഡി എം എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കുടുംബസമേതം ബാംഗളൂരിവില്‍ പോയി എം ഡി എം എ വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിക്കുമ്പോഴാണ് പ്രതികളെ നിലമ്പൂർ റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് അറസ്റ്റ് ചെയ്തത്.

കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്പതിമാർ ലഹരി വസ്തു കടത്താൻ ശ്രമിച്ചത്. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബാംഗളൂരിവില്‍ നിന്ന് എം ഡി എം എ വാങ്ങി ഗൂഡല്ലൂർ നാടുകാണി ചുരം വഴി കേരളത്തിലെത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂർ വരെ ജീപ്പിൽ വന്ന ഇവർ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര.

കുഞ്ഞുങ്ങളുമായി ബൈക്കിൽ വരുന്നവരെ കാര്യമായി പരിശോധിക്കില്ലെന്ന് കരുതിയാണ് ഇവർ ഈ വഴി സ്വീകരിച്ചതെന്നാണ് കരുതുന്നത്. അസ്ലമുദ്ധീൻ, ഷിഫ്‌ന എന്നിവർ കുട്ടികളുമായി ബൈക്കിലും മുഹമ്മദ് സാദത്ത് ജീപ്പിലും കമറുദ്ദീൻ മറ്റൊരു ഇരുചക്ര വാഹനത്തിലുമായിരുന്നു. കടുത്ത തണുപ്പിൽ ബൈക്കിൽ വന്നപ്പോൾ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എം ഡി എം എ മൂന്ന് പേരുടെ കൈവശവും ഉണ്ടായിരുന്നു. 

ഒരു സംഘം പിടിക്കപ്പെട്ടാലും രക്ഷപ്പെടുന്ന മറ്റുള്ളവർക്ക് ബാക്കിയുള്ളത് വിൽപ്പന നടത്താൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ഇത്തരത്തിൽ മൂന്നായി ഭാഗിക്കാൻ കാരണം. നിലമ്പൂർ താലൂക്കിൽ വഴിക്കടവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗം ടി. ഷിജുമോനും സംഘവും, മലപ്പുറം ഇ ഐ ആൻഡ് ഐ ബി ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ ആണ് എം ഡി എം എ പിടികൂടിയത്. എം ഡി എം എ കടത്തികൊണ്ടുവരുവാൻ ഉപയോഗിച്ച ജീപ്പ്, ബൈക്ക്, സ്‌കൂട്ടർ മുതലായ വാഹനങ്ങളും തൊണ്ടി പണമായ 1,550 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button