ബുള്ളറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത.റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാം 411 പുതുവര്‍ഷത്തില്‍ എത്തിയേക്കും

പരമ്പരാഗത ഡിസൈൻ ശൈലി പൊളിച്ചെഴുതി നിരവധി പുതിയ ബൈക്കുകളാണ് റോയൽ എൻഫീൽഡിൽ നിന്ന് നിരത്തുകളിൽ എത്തുന്നത്. ഹിമാലയൻ, മെറ്റിയോർ 350, പുതിയ ക്ലാസിക് തുടങ്ങിയവയെല്ലാം ഈ മാറ്റത്തിന്റെ ഉദാഹരണങ്ങളാണ്. ഈ നിരയുടെ തുടർച്ചയെന്നാണ് അഡ്വഞ്ചർ ബൈക്കായ ഹിമാലയന്റെ പുതിയ പതിപ്പും വിപണിയിൽ എത്താൻ ഒരുങ്ങുന്നതായാണ് പുതിയ റിപ്പോർട്ട്. സ്‌ക്രാം 411 എന്ന പേരിലായിരിക്കും ഈ ബൈക്ക് എത്തുക.
റോയൽ എൻഫീൽഡ് ഹിമാലയന്റെ ബജറ്റ് ബൈക്ക് മോഡലായിരിക്കും സ്‌ക്രാം 411 എന്നാണ് വിവരം. പേര് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
2022 ഫെബ്രുവരിയിൽ ഈ മോഡൽ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. ഹിമാലയൻ എന്ന മോഡൽ യഥാർഥ സാഹസിക ബൈക്ക് ആണെങ്കിൽ ഇതിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ മോഡൽ റോഡുകൾക്കും ഏറെ യോജിച്ച വാഹനമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ.
ഹിമാലയൻ അഡ്വഞ്ചർ ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും നേരിയ ഡിസൈൻ മാറ്റങ്ങൾ ഈ ബൈക്കിൽ പ്രതീക്ഷിക്കാം. ഹിമാലയനിൽ നൽകിയിട്ടുള്ള വിൻഡ് സ്‌ക്രീൻ, ലഗേജ് റാക്ക്, 21 ഇഞ്ച് വീൽ, എന്നിവ സ്‌ക്രാമിൽ നൽകിയിട്ടില്ല. 18 ഇഞ്ച് വീൽ ആയിരിക്കും ഈ ബൈക്കിലുണ്ടാകുക. ഹിമാലയൻ മോഡലിന് സ്‌പോർട്ടി ഭാവം നൽകിയിരുന്ന ഉയർന്ന ഫെൻഡർ പുതിയ മോഡലിൽ നൽകാത്തതും ഈ ബൈക്കിലെ മാറ്റമാണ്.
പുതിയ ഹെഡ്‌ലാമ്പ് ക്ലെസ്റ്റർ, രൂപമാറ്റം വരുത്തിയിട്ടുള്ള ഇൻസ്ട്രുമെന്റ് പാനൽ, വലിപ്പം കുറഞ്ഞ ഹാൻഡിൽ ബാർ, പുതുമയുള്ള ബാഡ്ജിങ്ങ്, സിംഗിൾ സീറ്റ്, ഗ്രാബ് റെയിൽ, ടെയ്ൽലാമ്പ്, സാധാരണ ബൈക്കുകൾക്ക് സമാനമായ ഫെൻഡർ തുടങ്ങിയവ ഈ ബൈക്കിന് പുതുമ നൽകുന്നവയാണ്. എക്‌സ്‌ഹോസ്റ്റ് പൈപ്പിന്റെ ഡിസൈനിലും മാറ്റം പ്രതീക്ഷിക്കാം. വശങ്ങളിലെ കൗളിലായിരിക്കും ബാഡ്ജിങ്ങ് നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.
മെക്കാനിക്കൽ ഫീച്ചറുകൾ ഹിമാലയനിൽ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 411 സി.സി. എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് ഹിമാലയനിൽ പ്രവർത്തിക്കുന്നത്. ഇത് 24.3 ബി.എച്ച്.പി. പവറും 32 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് ഇതിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്. അതേസമയം, ഹിമാലയന്റെ കരുത്തേറിയ പതിപ്പിന്റെ നിർമാണത്തിലാണ് റോയൽ എൻഫീൽഡ് എന്നും സൂചനയുണ്ട്.
