ബി .പി. അങ്ങാടി വലിയ നേർച്ച കൊടികയറ്റി; ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് നേർച്ച
തിരൂർ: ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയായുടെ വലിയ നേർച്ചയ്ക്ക് ഞായറാഴ്ച വൈകീട്ടോടെ വലിയ കൊടിയേറി. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെയാണ് നേർച്ച. ഞായറാഴ്ച രാവിലെ 11-ന് ബി.പി. അങ്ങാടി മീൻ മാർക്കറ്റിൽനിന്ന് അരിച്ചാക്കുകളേന്തി ജാറത്തിലേക്ക് കഞ്ഞിക്കാരുടെ വരവോടെയാണ് തുടക്കം.
ഉച്ചയ്ക്ക് രണ്ടിന് തിരൂർ ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ തിരൂർ പോലീസ്‌സ്റ്റേഷനിൽവെച്ച് നേർച്ചക്കമ്മിറ്റി ഭാരവാഹികൾക്ക് ജാറത്തിന് മുൻപിൽ ഉയർത്താനുള്ള വലിയ കൊടി കൈമാറി. സ്റ്റേഷൻവളപ്പിൽ വിവിധ വാദ്യമേളങ്ങളുമുണ്ടായിരുന്നു. 10 ആനകൾ, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആയിരക്കണക്കിന് ആളുകൾ അണിനിരന്ന കൊടിവരവ് ജാറത്തിലേക്ക് പുറപ്പെട്ടു. പൂഴിക്കുന്നിൽ പോയി തിരിച്ച് ജാറത്തിലെത്തി.
പ്രാർഥനയ്ക്കുശേഷം രാത്രി ഏഴോടെ വടക്കേത്തൊടിയിൽ ഹംസയുടെ കുടുംബാംഗങ്ങളും നേർച്ച ആഘോഷക്കമ്മിറ്റി ഭാരവാഹികളുംചേർന്ന് വലിയ കൊടിയേറ്റം നടത്തി. വിവിധ ദേശങ്ങളിൽനിന്ന് ജാറത്തിലേക്ക് പെട്ടിവരവുണ്ടാകും. എട്ടിന് പുലർച്ചെ വാക്കാട്ടുനിന്ന് ജാറത്തിലേക്ക് ചാപ്പക്കാരുടെ വരവെത്തി കമ്പം കത്തിച്ചാൽ നേർച്ച സമാപിക്കും.
വിനോദത്തിനും വിജ്ഞാനത്തിനും യന്ത്ര ഊഞ്ഞാൽ, അമ്യൂസ്‍മെന്റ് പാർക്ക് ഉൾപ്പെടെ വിവിധ പ്രദർശനങ്ങളുമുണ്ടാകും. കല്ലിങ്ങൽ സിദ്ദീഖ് ചെയർമാനും കെ.പി. ബാപ്പു കൺവീനറും കിഴക്കിനിയകത്ത് ഷുക്കൂർ ട്രഷററുമായ കമ്മിറ്റിയാണ് നേർച്ചയ്ക്ക് നേതൃത്വംനൽകുന്നത്.
സുരക്ഷയ്ക്ക് 650 പോലീസുകാർ
വലിയ നേർച്ചയ്ക്ക് പോലീസ് ശക്തമായ സുരക്ഷയൊരുക്കും. ഒരു ഡിവൈ.എസ്.പി, ആറ് പോലീസ് ഇൻസ്പെക്ടർ, വനിതാ പോലീസ്, ഷാഡോ ഉൾപ്പെടെ 650 പോലീസുകാരെ വിന്യസിക്കും. 48 പോലീസ് പിക്കറ്റ് പോസ്റ്റുകളുണ്ടാകും. പോലീസ് വൊളന്റിയറെന്ന പേരിൽ ആരെയും പോലീസിന്റെ ചുമതല ഏല്പിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി. ഇ. ബാലകൃഷ്ണൻ പറഞ്ഞു.