ബസ്സോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗം: KSRTC ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി, അഞ്ചുദിവസത്തെ പരിശീലനവും.

ബസ്സോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരേയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. വാഹനം ശരിയായ രീതിയിൽ ഓടിക്കുന്നതിനെക്കുറിച്ച് എടപ്പാളിലെ ഐ.ഡി.ടി.ആർ. പരിശീലനകേന്ദ്രത്തിൽ അഞ്ചുദിവസം പരിശീലനത്തിൽ പങ്കെടുക്കാനും നിർദേശിച്ചിട്ടുണ്ട്. ബത്തേരിയിൽനിന്ന് മാനന്തവാടിയിലേക്ക് ബസ്സോടിക്കുന്നതിനിടെ മൊബൈൽഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുപ്രകാരം അശ്രദ്ധമായി വാഹനമോടിച്ചെന്ന പരാതിയിലാണ് ബത്തേരി ജോയിന്റ് ആർ.ടി.ഒ. ജയദേവൻ നടപടിയെടുത്തത്. സിയാദിന് കാരണംകാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടിയിരുന്നു. നിയമം ലംഘിച്ച് വാഹനമോടിച്ചതായി ബോധ്യപ്പെട്ടതോടെയാണ് നടപടി. സിയാദിനെ കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി.യും സസ്പെൻഡ് ചെയ്തിരുന്നു.
