ബഡ്സ് സ്കൂളുകൾ ഇനി മുളയിൽ തീർത്ത കരകൗശല വസ്തുക്കളും നിർമിക്കും…
![](https://edappalnews.com/wp-content/uploads/2023/07/malappuram-school.webp)
![](https://edappalnews.com/wp-content/uploads/2023/07/17adfc27-c70a-4442-a385-a92dccdd3e29-1-1024x1024.jpg)
മലപ്പുറം∙ ജില്ലയിലെ ബഡ്സ് സ്കൂളുകളിൽ ഇനി മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണവും. കുടുംബശ്രീയുടെ ധന സഹായത്താൽ ആരംഭിച്ചിട്ടുള്ള ബഡ്സ് പ്രത്യേക ഉപജീവന പദ്ധതി യൂണിറ്റുകളാണു മുളയും ഈറ്റയും കൊണ്ടുള്ള കൗതുക വസ്തുക്കളുടെ നിർമാണത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർക്ക് പരിശീലനം നൽകി. ഈറ്റ, മുള എന്നിവ കൊണ്ടുള്ള ചെറിയ കുട്ടകൾ, വട്ടികൾ, ഫാൻസി ബോക്സ്, വള, ലാംപ് ഷേഡുകൾ, പുട്ടുകുറ്റി, തവി, ചട്ടുകം തുടങ്ങിയവയാണ് നിർമിക്കുക.
പാള കൊണ്ടും മറ്റു പാഴ്‌വസ്തുക്കൾ കൊണ്ടും മണ്ണ് കൊണ്ടും വിവിധ ക്രാഫ്റ്റ് ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം മുൻപു നൽകിയിരുന്നു. ബഡ്സ് വിദ്യാർഥികൾ നിർമിക്കുന്ന ക്രാഫ്റ്റ് ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിനു നിലവിലുള്ള സംവിധാനങ്ങൾക്കു പുറമേ ട്രസ്റ്റ് ഷോപ്പുകളുമുണ്ട്. ഉൽപന്നങ്ങളുടെ പ്രചാരണത്തിനും വിപണനത്തിനും വേണ്ടിയുള്ള വിൽപനക്കാരില്ലാത്ത കിയോസ്ക്കുകളായ ഒൻപത് ട്രസ്റ്റ് ഷോപ്പുകൾ ജില്ലയിൽ പ്രവർത്തിക്കുന്നത്.
പരിശീലന പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ജാഫർ കെ.കക്കൂത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജർ കെ.എസ്.ഹസ്കർ, സി.റഫീഖ്, ഇ.സജി, പി.കൗലത്ത്, കെ.പി.കൃഷ്ണൻ കുട്ടി, രാമകൃഷ്ണൻ, പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)