KERALA

ഫെബ്രുവരി നാലുവരെ ജനുവരി റേഷൻ ലഭ്യമാകും; കാർഡുടമകൾ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റണം : മന്ത്രി ജി.ആർ.അനിൽ*

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ തുടരുമെന്നും ഫെബ്രുവരി അഞ്ചിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുമെന്നും ആറ് മുതൽ ഫെബ്രുവരിയിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു.

ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാസപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തു. ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. ഭക്ഷ്യധാന്യങ്ങളുടെ വാതിൽപടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. വയനാട് ജില്ലയിൽ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി. വാതിൽപടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button