MALAPPURAM
ആഭരണം നിർമിക്കാൻ ഏൽപ്പിച്ച 302 ഗ്രാം സ്വർണവുമായി മുങ്ങി; ബംഗാൾ സ്വദേശിയെ അജ്മീരിലെത്തി പൊക്കി പൊലീസ്


മലപ്പുറം: ആഭരണം നിർമിക്കാൻ നൽകിയ സ്വർണവുമായി മുങ്ങിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ ബർധമാൻ സാസ്പുർ സ്വദേശി ശുക്കൂറലി ശൈഖാ(38)ണ് പിടിയിലായത്. കൊണ്ടോട്ടിയിൽ വർഷങ്ങളായി സ്വർണ പണി ചെയ്തുവരികയായിരുന്ന ആളാണ് പ്രതി. ഈ വിശ്വാസം കൊണ്ടാണ് കൊണ്ടോട്ടിയിലെ ഒരു ജ്വല്ലറി ഉടമ ശുക്കൂറലിയെ ആഭരണം നിർമിക്കാൻ സ്വർണം ഏൽപ്പിച്ചത്.
കഴിഞ്ഞ മെയ് രണ്ടിനാണ് ജ്വല്ലറി അധികൃതർ ഇയാളെ ആഭരണം പണിയുന്നതിനായി 302 ഗ്രാം സ്വർണം ഏൽപിച്ചത്. എന്നാൽ ഇയാൾ സ്വർണവുമായി മുങ്ങുകയായിരുന്നു. രാജസ്ഥാനിലെ ജയ്പൂരിലും അജ്മീരിലുമായി ഒളിച്ചു കഴിയുകയായിരുന്നു പ്രതി. മെബൈല്‍ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എസ്.ഐ മാരായ കെ നൗഫൽ, പി എം സുബ്രൻ , സീനിയര്‍ സിവില്‍ പൊലീസ് ഓഫീസിര്‍ ഒ. പ്രശാന്ത്, സിവില്‍ പൊലീസ് ഓഫീസിര്‍ രതീഷ് ഒളരിയൻ എന്നിവർ ചേർന്ന് ഇയാളെ അജ്മീരിൽ വെച്ച് പിടികൂടിയത്.
