പ്ലസ് വൺ സീറ്റ്; ജയിപ്പിച്ച് വിട്ടതിന്റെ ആവേശം സീറ്റ് ഉറപ്പിൽ ഇല്ല; മലപ്പുറം ജില്ലാപഞ്ചായത്ത് കോടതിയിലേക്ക്
മലപ്പുറം: ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റു പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരേ കോടതിയെ സമീപിക്കൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. നഗരസഭ സെക്രട്ടറിയും പ്രതിപക്ഷവും തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് മന്ത്രിമാരടക്കമുള്ള സർക്കാർ പ്രതിനിധികളെ സന്ദർശിച്ചിരുന്നു. ജില്ലയുടെ ആവശ്യം ന്യായമാണെന്നായിരുന്നു ലഭിച്ച മറുപടി. അധിക ബാച്ചുകൾ അനുവദിച്ചാൽ കെട്ടിടനിർമാണത്തിന് ആവശ്യമായ ഫണ്ട് ജില്ലാ പഞ്ചായത്ത് നൽകാമെന്നും വിദ്യാഭ്യാസമന്ത്രിയെ അറിയിച്ചിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾപോലും പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
അധിക ബാച്ചുകൾ അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി സർക്കാർ ജില്ലാ പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടവുമായി മുന്നോട്ടുപോകാനുള്ള തീരുമാനമെടുത്തത്. ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ. എന്നിവയിലായി ജില്ലയിൽ 69,271 സീറ്റുകൾ നിലവിലുണ്ടെന്ന് പ്രതിപക്ഷ അംഗം.
ഐ.ടി.ഐ.കൾ അനുവദിക്കണം;
ജില്ലയിലെ 16 നിയമസഭാ മണ്ഡലത്തിലും ഐ.ടി.ഐ.കൾ തുടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം ഐകകണ്ഠ്യേന പാസാക്കി. സ്കൂളുകൾക്ക് ബെഞ്ചും ഡെസ്കും വാങ്ങാൻ ഒരുകോടി രൂപയുടെ പദ്ധതി തയ്യാറാക്കി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ ഒരു സ്കൂളിന് ഒൻപതുവീതം ബെഞ്ചും ഡെസ്കും പദ്ധതിയിലൂടെ ലഭിക്കും. ജില്ലയിലെ എല്ലാ സ്കൂളുകളും നവീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 10 സ്കൂളുകൾ നവീകരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.