EDAPPALKERALA

കുടിവെള്ള പൈപ്പിടാൻ കീറിയ റോഡുകൾ നന്നാക്കാൻ 4.40 കോടി അനുവദിച്ചു: ഡോ: കെ.ടി.ജലീൽ

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകളിൽ ജലജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ വെട്ടിമുറിച്ച റോഡുകൾ നവീകരിച്ച് പൂർവ്വസ്ഥിതിയിലാക്കാൻ 4.40 കോടി അനുവദിപ്പിച്ച് ഡോ കെ ടി ജലീൽ എം എൽ എ. സർക്കാർ അനുവദിച്ച 4.40 കോടി ഉപയോഗിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണന്നും തവനൂർ പഞ്ചായത്തിൽ 64.31 ലക്ഷവും കാലടിയിൽ 58.04 ലക്ഷവും എടപ്പാൾ പഞ്ചായത്തിൽ 1.66 കോടിയും വട്ടംകുളം പഞ്ചായത്തിൽ 2.12 കോടിയുമാണ് റോഡ് നന്നാക്കാൻ അനുവദിച്ചത്. രണ്ടാംഘട്ട പ്രവൃത്തികളുടെ പട്ടികയിൽ വന്നതിനാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യമായ തുക കണ്ടെത്തണമെന്നാണ് നേരത്തെയുള്ള സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾക്ക് അതിനുള്ള ശേഷിയില്ലെന്ന് നിരന്തരം ജലവിഭവ വകുപ്പ് മന്ത്രിയേയും വകുപ്പ് സെക്രട്ടറിയേയും കളക്ടറേയും ചീഫ് എഞ്ചിയറേയും ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്നാണ്, നാലരക്കോടിയോളം രൂപ നാല് പഞ്ചായത്തുകളിലെയും കീറിമുറിച്ച റോഡുകളുകളുടെ നവീകരണത്തിന് വകയിരുത്തിക്കാനായത്. മുഖ്യമന്ത്രി പിണറായി വിജയനും ജലസേചന മന്ത്രി റോഷി അഗസ്റ്റിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്കും പ്രത്യേക നന്ദിഅറിയിക്കുന്നതായും തകർന്ന റോഡുകൾ എത്രയും പെട്ടന്ന് നേരെയാക്കി ജനങ്ങൾക്കുള്ള പ്രയാസം അകറ്റാൻ കരാറുകാരൻ ചമ്രവട്ടം സ്വദേശി പാട്ടത്തിൽ സലീമിനോട് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതികളും ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത കാണിക്കണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button