പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍; കിടിലന്‍ ലുക്കില്‍ ജഗതിയുടെ തിരിച്ചുവരവ്
കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റതിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന അതുല്യനായ നടനാണ് ജഗതി ശ്രീകുമാര്‍. മലയാള സിനിമയില്‍ അദ്ദേഹമുണ്ടാക്കിയ വിടവ് നികത്താന്‍ ഇനിയുമാര്‍ക്കും സാധിച്ചിട്ടില്ല. ആരാധകരെല്ലാം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ്. 2022 ല്‍ സിബിഐ 5- ദി ബ്രെയ്ന്‍ എന്ന ചിത്രത്തില്‍ ജഗതി മുഖം കാണിച്ചിരുന്നു.
ഇപ്പോഴിതാ കിടിലന്‍ മേക്കോവറില്‍ ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചുവരികയാണ്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ‘വല’ എന്ന ചിത്രത്തിലെ പ്രൊഫസര്‍ അമ്പിളി അഥവാ അങ്കിള്‍ ലൂണാര്‍ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ലുക്ക് പോസ്റ്റര്‍ ഇതിനകം സിനിമാ ഗ്രൂപ്പുകളില്‍ വൈറലായിക്കഴിഞ്ഞു. ജഗതി ശ്രീകുമാറിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
വീല്‍ ചെയറിലിരിക്കുന്ന, പാറിപ്പറന്ന നരച്ച തലമുടിയും കറുത്ത കണ്ണടയുമായി, സ്യൂട്ട് ധരിച്ച് അടിമുടി പുതുമയുള്ള ലുക്കിലാണ് ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍ എത്തുക എന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തമാണ്