പ്രായപൂർത്തിയാവാത്ത മകളോട് ലൈംഗികാതിക്രമ ആരോപണം; പിതാവിനെ കോടതി വെറുതെ വിട്ടു.
കുന്നംകുളം:പ്രായപൂർത്തിയാവാത്ത മകൾക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് ലൈംഗിക അതിക്രമം നടത്തിയെന്നും, ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചുവെന്നും ആരോപിച്ച് പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പിതാവ് വാടാനപ്പള്ളി നടുവിൽക്കര സ്വദേശി വാഴപ്പിലാത്ത് രമേഷി (53) നെയാണ് കുന്നംകുളം അതിവേഗ (പോക്സോ) കോടതി ജഡ്ജ് എം പി ഷിബു വെറുതെ വിട്ട് ഉത്തരവായത്.
വിമുക്തഭടനായ രമേഷും ഭാര്യ സ്മിതയും തമ്മിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസത്തേയും കുടുംബവഴക്കിനേയും തുടർന്ന് ഭാര്യ സ്ത്രീ പീഡനവും, ഭാര്യാ മാതാവ് ഭവനഭേദനവും ആരോപിച്ച് രമേഷിനെതിരെ വ്യത്യസ്ത പരാതികൾ നൽകിയിരുന്നു. തന്നോടുള്ള വൈരാഗ്യം തീർക്കാൻ പ്രായപൂർത്തിയാകാത്ത മകളെയും സമ്മർദത്തിലാക്കി
കുട്ടിയെക്കൊണ്ട് കളവായി പരാതി നൽകിയതാണെന്നായിരുന്നു പിതാവ് രമേഷിൻറെ വാദം.രമേഷിൻറെ വാദം അംഗീകരിച്ച കോടതി പ്രതിയെ വെറുതെ വിട്ടയച്ച് ഉത്തരവായി.
ഭാര്യ നൽകിയ സ്ത്രീധനപീഡന പരാതിയിൽ ചാവക്കാട് മജിസ്ട്രേറ്റ് കോടതി രമേഷിനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി സുഭാഷ് കുമാർ, പ്രത്യുഷ് ചൂണ്ടലാത്ത്, എം എച്ച് മുനീർ എന്നിവർ കോടതിയിൽ ഹാജരായി.