PONNANI

പ്രായത്തെതോൽപ്പിച്ച് അക്ഷരമധുരം നുകർന്ന് പൊന്നാനിയിലെ പഠന ലിഖ്ന അഭിയാൻ പദ്ധതിയിലെ വിദ്യാർത്ഥികൾ

പൊന്നാനി: 90 വയസ്സ് പിന്നിട്ട അമ്മുവേടത്തി മുതൽ 60 പിന്നിട്ട കാർത്യായനി വരെ ഇപ്പോൾ ഏറെ ആവേശത്തിലാണ്. നേരത്തേ സീരിയൽ കണ്ടും കഥ പറഞ്ഞും സമയം കളഞ്ഞിരുന്ന ഇവർക്ക് ഇപ്പോൾ ഒരു ലക്ഷ്യമുണ്ട്. ആദ്യം സ്വന്തം കൈപ്പടയിൽ പേരെഴുതണം. പിന്നെ മക്കളുടെയും കൊച്ചുമക്കളുടെയും പേരുകൾ എഴുതി നാലാൾ കേൾക്കെ വായിക്കണം. ഇതിനായുള്ള കഠിന പരിശ്രമത്തിലാണ് പഠന ലിഖ്ന അഭിയാൻ പദ്ധതി പ്രകാരം ആദ്യക്ഷരം കുറിക്കുന്ന ഓരോരുത്തരും. ക്ലാസിൽ നിന്ന് ലഭിക്കുന്ന പാഠഭാഗങ്ങൾ വീട്ടിലെത്തിയും മനഃപാഠമാക്കുകയാണ് വിദ്യാർഥികൾ, ഹോം വർക്കുകൾ ചെയ്യാൻ പേരക്കുട്ടികൾ ഉൾപ്പെടെ സഹായത്തിനുമുണ്ട്. ഓരോ വാർഡുകളിൽ വ്യത്യസ്തമായ രീതികളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. പാട്ടും കഥയും കവിതയുമായാണ് പഠനം പുരോഗമിക്കുന്നത്. കൂടാതെ വർഷങ്ങളായി തങ്ങൾക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന അഭിരുചികളെ കണ്ടെത്താനും സാക്ഷരത ക്ലാസുകൾ സഹായകമാകുന്നുണ്ട്.
ഇത്തരത്തിൽ വ്യത്യസ്ത കഴിവുകളുള്ളവർക്കായി തുടർവിദ്യാഭ്യാസ കലോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊന്നാനി നഗരസഭ കേന്ദ്രാവിഷ്കൃത പദ്ധതിയായ പഠന ലിഖ്ന അഭിയാൻ പദ്ധതിക്ക് പൊന്നാനിയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പൊന്നാനി നഗരസഭയിൽ 51 വാർഡുകളിലായി1140 പഠിതാക്കളാണുള്ളത്. ഇതിൽ 60 വയസ്സിന് മുകളിലുള്ളവർ 75 ശതമാനത്തോളമാണ്. ഹരിത കർമ സേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ ഉൾപ്പെടെയാണ് അക്ഷരം അഭ്യസിക്കാൻ എത്തുന്നത്. പൊന്നാനി നഗരസഭയുടെയും സാക്ഷരത കോഓഡിനേറ്റർ ഷീജയുടെയും നേതൃത്വത്തിലാണ് പ്രായമേറിയവർക്കുള്ള സാക്ഷരത ക്ലാസുകൾ പുരോഗമിക്കുന്നത്. കേരളത്തിൽ പഠന ലിഖ്ന പദ്ധതിക്കായി തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിൽ ഒന്നാണ് മലപ്പുറം. മാസങ്ങൾക്കകംതന്നെ ക്ലാസിൽ പങ്കെടുക്കുന്നവരെയെല്ലാം അക്ഷരാഭ്യാസമുള്ളവരാക്കി മാറ്റാനുള്ള പ്രയത്നത്തിലാണ് സാക്ഷരത പ്രവർത്തകർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button