Local news

പ്രസിദ്ധമായ കടവല്ലൂർ അന്യോന്യത്തിന് നവംബർ 15 ന് തുടക്കമാവും

കടവല്ലൂർ : ഋഗ്വേദമന്ത്രാലാപന പരീക്ഷയായ കടവല്ലൂർ അന്യോന്യം വെള്ളിയാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ കുന്നംകുളം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് നടക്കുന്ന സമ്മേളനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അധ്യക്ഷനാകും.

ശനിയാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷമാണ് ഋഗ്വേദ പരീക്ഷയായ വാരമിരിക്കൽ തുടങ്ങുക. തൃശ്ശൂർ, തിരുനാവായ യോഗങ്ങളിൽനിന്നുള്ള ഋഗ്വേദപണ്ഡിതരാണ് പങ്കെടുക്കുക. അന്തർദേശീയ സെമിനാർ ശനി, ഞായർ ദിവസങ്ങളിലായി നടക്കും. ‘സാമൂഹിക സാംസ്കാരിക ചരിത്രരേഖകൾ വേദാംഗകല്പകൃതികളിൽ’ എന്ന വിഷയത്തിലെ സെമിനാറിൽ 12 പ്രബന്ധങ്ങൾ അവതരിപ്പിക്കും.

20-ന് തുടങ്ങുന്ന നൃത്താരാധന നടി രചനാ നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യും. 23-ന് രാവിലെ പണ്ഡിതന്മാരും ഗവേഷണവിദ്യാർഥികളും പങ്കെടുക്കുന്ന വാക്യാർഥസദസ്സ്. അന്യോന്യപരിഷത്ത് നൽകുന്ന വാചസ്പതി, വേദബന്ധു പുരസ്കാരങ്ങൾ വൈകീട്ട് സമ്മാനിക്കും. വാചസ്പതി പുരസ്കാരം പ്രൊഫ. ടി.കെ. സരളയ്ക്കും വേദബന്ധു പുരസ്കാരം ഡോ. സുധാ ഗോപാലകൃഷ്ണനുമാണ്.

വൈകീട്ട് 5-ന് നടക്കുന്ന സമാപനസമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ വി.കെ. വിജയൻ ഉദ്ഘാടനം ചെയ്യും. രാത്രി 9-ന് കുചേലവൃത്തം കഥകളിയുണ്ടാകും. അന്യോന്യം നടക്കുന്ന 10 ദിവസവും ക്ഷേത്രത്തിൽ വിശേഷാൽപൂജകൾ, കേളി, ഋഗ്വേദാർച്ചന, മേളത്തോടെ ശീവേലി, പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ്, സംവാദങ്ങൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയുണ്ടാകും.

കടവല്ലൂർ അന്യോന്യ പരിഷത്ത് സെക്രട്ടറി കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്,വൈസ് പ്രസിഡന്റ് വടക്കുമ്പാട്ട് നാരായണൻ,കെ ബി അരവിന്ദൻ,എ എൻ ഗോപാലകൃഷ്ണൻ,ബി വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button