India
പ്രശസ്ത മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു


പ്രശസ്തനായ മൃദംഗ വിദ്വാൻ കാരൈക്കുടി ആർ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈ മൈലാപ്പൂരിലെ ജെത് നഗറിലെ വസതിയിൽ ആയിരുന്നു അന്ത്യം. കർണാടക സംഗീത ലോകത്ത് തന്റേതായ സ്ഥാനം സൃഷ്ടിച്ച പ്രതിഭയായിരുന്നു ആർ മണി. അരനൂറ്റാണ്ടിലേറെയായി കർണാടക സംഗീത ലോകത്ത് അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടായി മൃദംഗ കലയ്ക്കായി മാത്രം ജീവിതം ഉഴിഞ്ഞു വച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്. എം എസ് സുബ്ബുലക്ഷ്‌മി, മധുര സോമു, ഡി കെ പട്ടമ്മാൾ, ലാൽഗുഡി ജയരാമൻ, എം എൽ വസന്തകുമാരി, ടി എം കൃഷ്‌ണ, ടി എം ത്യാഗരാജൻ, ഡി കെ ജയരാമൻ, സഞ്ജയ് സുബ്രഹ്മണ്യൻ തുടങ്ങിയ പ്രഗൽഭരായ സംഗീതജ്ഞർക്ക് വേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. കാരൈക്കുടി രംഗ അയ്യനാഗറിൽ നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശർമ്മയിൽ നിന്നുമാണ് അദ്ദേഹം സംഗീതം പഠിച്ചത്. കുട്ടിക്കാലം മുതൽ മൃദംഗം അഭ്യസിച്ചിരുന്ന അദ്ദേഹത്തെ തേടി പതിനെട്ടാം വയസ്സിൽ ആദ്യ ദേശീയ പുരസ്കാരമെത്തി.
പുതു തലമുറയിലേയ്ക്ക് സംഗീതം പകർന്നു നൽകുന്നതിനായി 1986ൽ ശ്രുതിലയ സേവാ സംഗീത സ്കൂൾ സ്ഥാപിച്ചു. നിരവധി വിദേശ രാജ്യങ്ങളിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. തനിയാവർത്തനം എന്ന പേരിൽ ലോകമെമ്പാടും അദ്ദേഹം പരിപാടികൾ അവതരിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണം സംഭവിച്ചത്. നാളെ രാവിലെ 11 മണിക്ക് ബസന്ത് നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാരം.
