‘ദി കിംഗ് ഈസ് ബാക്ക്’; കോലിയുടെ സെഞ്ചുറി ആഘോഷിച്ച് പാക് താരങ്ങൾ


ഇന്ത്യയുടെ മുൻ നായകൻ വിരാട് കോലിയുടെ സെഞ്ചുറി ആഘോഷിച്ച് പാക് താരങ്ങൾ. ഹസൻ അലി, ഇമാദ് വാസിം തുടങ്ങിയ നിലവിലെ താരങ്ങളും കമ്രാൻ അക്മൽ, മുഹമ്മദ് ആമിർ തുടങ്ങിയ മുൻ താരങ്ങളും വിരാട് കോലിയെ അഭിനന്ദിച്ച് രംഗത്തെത്തി. എബി ഡിവില്ല്യേഴ്സ് അടക്കം രാജ്യാന്തര താരങ്ങളും മുഹമ്മദ് കൈഫ് അടക്കമുള്ള ഇന്ത്യൻ താരങ്ങളും കോലിയെ പ്രകീർത്തിച്ചു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രിയും കോലിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.
രണ്ട് വർഷത്തിന് മുകളിലായുള്ള കാത്തിരിപ്പിന് ശേഷം വിരാട് കോലി ഇന്നലെ ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തിലാണ് സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ചത്. അഫ്ഗാനെതിരെ 61 പന്തിൽ 122 റൺസാണ് അദ്ദേഹം അടിച്ചെടുത്തത്. കോലിയുടെ 71ആം സെഞ്ച്വറിയും ആദ്യ രാജ്യാന്തര ടി20 സെഞ്ച്വറിയുമാണിത്. 53 പന്തിലാണ് കോലി സെഞ്ചുറി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 212 റൺണ് അടിച്ചുകൂട്ടിയത്. കെ.എൽ രാഹുൽ അർത്ഥസെഞ്ച്വറി നേടി. 41 പന്തിൽ 62 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം.
