പ്രതിഷേധ മാർച്ചുമായി ചങ്ങരംകുളത്തെ വ്യാപാരികൾ.
ചങ്ങരംകുളം: വ്യാപാരികളോടു കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ചങ്ങരംകുളം യൂണിറ്റ് ആലങ്കോട് പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചങ്ങരംകുളം ടൗണിലെ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുക, ആലങ്കോട്-നന്നംമുക്ക് പ്രദേശങ്ങളിലെ അനധികൃത കച്ചവടങ്ങൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. കേരള വ്യാപാരി വ്യവസായി യൂത്ത്വിങ്ങിന്റെ സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര പ്രതിഷേധം ഉദ്ഘാടനംചെയ്തു.ചങ്ങരംകുളം പെട്രോൾപമ്പിനു സമീപത്തുള്ള സ്വകാര്യ ആശുപത്രി പരിസരത്തുനിന്ന് രാവിലെ ആരംഭിച്ച മാർച്ച് ആലങ്കോട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ പോലീസ് തടഞ്ഞു.
പി.പി. ഖാലിദ് അധ്യക്ഷനായി. ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, ഉസ്മാൻ പന്താവൂർ, വി.കെ.എം. നൗഷാദ്, ടി. കൃഷ്ണൻ നായർ, ഷഹന, രവി എരഞ്ഞിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. കെ.പി. ഇബ്രാഹിംകുട്ടി, സലീം കാഞ്ഞിയൂർ തുടങ്ങിയവർ നേതൃത്വംനൽകി.