പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഇനി ചെയ്യില്ലെന്ന് ഗോപിനാഥ് മുതുകാട്.
പ്രൊഫഷണൽ മാജിക്ക് ഷോകള്‍ അവസാനിപ്പിക്കുന്നതായി പ്രമുഖ മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപനാഥ് മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ അവസാനിപ്പിച്ചെന്നും ഇനിയുള്ള കാലം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി നീക്കിവെയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നാലരപതിറ്റാണ്ടുകാലത്തെ പ്രൊഫഷണല്‍ മാജിക് ജീവിതത്തില്‍ നിന്നാണ് മുതുകാട് പിന്മാറുന്നത്.കഴിഞ്ഞ രണ്ട് വർഷമായി ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കുവേണ്ടി എന്റെ മുഴുവന്‍ സമയവും നീക്കിവെച്ചിരിക്കുകയാണ്. ഇനി മുന്നോട്ട് പ്രൊഫഷണല്‍ മാജിക് ഷോകളും കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകാനാവില്ല. പൊഫഷണല്‍ മാജിക് ഷോകള്‍ പെർഫക്ഷനില്‍ ഒരുക്കാന്‍ അതിന്റേതായ റിസർച്ചുകള്‍ നടത്തേണ്ടതുണ്ട്. പുതിയ കണ്ടെത്തലുകളും റിഹേഴ്സലുകളും അതിന്റെ ഭാഗമായി യാത്രകളും വേണ്ടിവരും. അതിലേക്ക് ശ്രദ്ധിക്കുമ്പോള്‍ മറ്റൊന്നും നടക്കില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ ഇനിയുള്ള ജീവിതം ആ മക്കള്‍ക്കുവേണ്ടി ജീവിക്കണമെന്നാണ് എന്റെ തീരുമാനം. അവർക്ക് വേണ്ടി സൗജന്യമായുള്ള തെറാപ്പി സെന്ററുകള്‍, സ്കൂള്‍ സെന്റർ, പെർഫോമിംഗ് തിയറ്ററുകളുടെ എല്ലാം പ്രവർത്തനങ്ങള്‍ നടക്കുകയാണ്. അതെല്ലാം പൂർത്തീകരിക്കാന്‍ എന്റെ 100 ശതമാനം ശ്രദ്ധിച്ചേ പറ്റൂ എന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.