മലപ്പുറം: പ്രകൃതി സനേഹികൾ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കൊടികുത്തി മലയെ. അടിസ്ഥാന സൗകര്യങ്ങളൊരുക്കിയതോടെ കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന പ്രകൃതിസ്‌നേഹികളുടെ എണ്ണം കൂടി തുടങ്ങി. വിനോദസഞ്ചാരകേന്ദ്രത്തില്‍ പ്രവേശനടിക്കറ്റ് വില്പനയിലൂടെയുള്ള വരുമാനം ഒരുകോടി രൂപ കവിഞ്ഞിരിക്കുകയാണ്. ‘ടിക്കറ്റ് ഏര്‍പ്പെടുത്തിയ 2021സെപ്റ്റംബര്‍ 15മുതല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-വരെയുള്ള വരുമാനം 1,02,81,560 രൂപയായി.
പ്രവേശനകവാടം മുതല്‍ നിരീക്ഷണ ഗോപുരം വരെ റോഡ്,വഴിയരികില്‍ സോളാര്‍ ലൈറ്റുകള്‍ , മനോഹരമായ പ്രവേശനകവാടം, നിരീക്ഷണഗോപുരം മോടികൂട്ടല്‍, കുട്ടികളുടെ പാര്‍ക്ക്, ഇരിപ്പിടങ്ങള്‍, ശൗചാലയങ്ങള്‍, ലഘു ഭക്ഷണശാല, കുടിവെള്ളം, ഫോട്ടോ സൗകര്യം, തടയണകള്‍ തുടങ്ങിയ നിരവധി സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പ്രവേശന ടിക്കറ്റിന് പ്രായപൂര്‍ത്തിയായവര്‍ക്ക് 40 രൂപയും വിദ്യാര്‍ഥികള്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്.
വരുമാനം ഒരുകോടി കവിഞ്ഞതിന്റെ ഭാഗമായി കൊടികുത്തിമല വനസംരക്ഷണസമിതി ഒരു വര്‍ഷത്തെ പ്രകൃതിസംരക്ഷണ സന്ദേശ പരിപാടികള്‍ക്ക് രൂപംനല്‍കിയിട്ടുണ്ട്. കൊടികുത്തിമലയില്‍ നജീബ് കാന്തപുരം എം.എല്‍.എ. ആണ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സോഫിയ അധ്യക്ഷത വഹിക്കുകയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ ഡി.എഫ്.ഒ. ജി. ധനിക് ലാല്‍, വനസംരക്ഷണ സമിതിയംഗങ്ങളായ കളപ്പാടന്‍ ഹുസൈന്‍, ഇ.കെ. ഹാരീസ്, പി.കെ. നൗഷാദ്, ഒ.കെ. അലി, കെ.ടി. ബഷീര്‍, താഴേക്കോട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.കെ. നാസര്‍ തുടങ്ങിയവര്‍ പ്രസംഗിക്കുകയും ചെയ്തു