അസ്സുഫാ ദർസ് മലികുൽ മുളഫർ മജ്ലിസിന് ഇന്ന്(വെള്ളിയാഴ്ച്ച)തുടക്കമാകും
കാന്തപുരത്തിന് മലികുൽ മുളഫർ അവാർഡ് സമ്മാനിക്കും
പൊന്നാനി – : അസ്സുഫ ദർസ് സംഘടിപ്പിക്കുന്ന വാർഷിക മീലാദ് സമ്മിറ്റ് മലിക്കുൽ മുളഫർ മജ്ലിസിന് ഇന്ന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് പൊന്നാനിയിൽ സംഘാടകസമിതി ഭാരവാഹികൾ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.മൂന്നുനാൾ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈകീട്ട് നഗരിയിൽ നടക്കും. സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് മലിക്കുൽ മുളഫർ അവാർഡ് സമ്മാനിക്കും.ചമ്രവട്ടം പാലം പരിസരത്തുനിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും ഇസ്ലാമിക കലാരൂപങ്ങളുടെയും അകമ്പടിയോടെ വൈകിട്ട് 5 മണിക്ക് കാന്തപുരം ഉസ്താദിനെ നഗരിയിലേക്ക് ആനയിക്കും
11 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന മലികുൽ മുളഫർ അവാർഡ് സമർപ്പണ സദസ്സിൽ പ്രമുഖ പണ്ഡിതനും വിശിഷ്ട അതിഥികളും സംബന്ധിക്കും.
മത സാമൂഹിക വൈജ്ഞാനിക ജീവകാരുണ്യ പൊതുപ്രവർത്തന രംഗങ്ങളിലെ നിസ്തുല സേവനങ്ങളും പ്രവാചക പ്രകീർത്തന പ്രചാരണ രംഗങ്ങളിൽ ആഗോളതലത്തിൽ വിശ്രുതമായ മികവുറ്റ പ്രവർത്തനങ്ങളും മുൻനിർത്തിയുള്ള അവാർഡ് സമർപ്പണം രാജ്യത്തെ സുപ്രധാന പുരസ്കാര ചടങ്ങ് ആയി മാറും.തുടർന്ന് ഗാസയിലെ പൊരുതുന്ന നിസ്സഹായർക്ക് പ്രത്യേക പ്രാർത്ഥനയും ഫലസ്തീൻ ഐക്യദാർഢ്യ പ്രഭാഷണവും നടക്കും.കേരളത്തിന്റെ പൈതൃക നഗരിയായ പൊന്നാനിയിൽ രണ്ടു പതിറ്റാണ്ടോളമായി മത സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അസ്സുഫയുടെ നേതൃത്വത്തിൽ പ്രതിവർഷവും നടക്കുന്ന മീലാദ് സമ്മിറ്റിൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം,സാംസ്‌കാരിക സമ്മേളനം, മദ്ഹ് റസൂൽ പ്രഭാഷണം, വിവിധ പ്രകീർത്തന സദസ്സുകൾ, അന്നദാനം, റിലീഫ് വിതരണം, പ്രവർത്തക സംഗമം, വിവിധ വിദേശ രാഷ്ട്ര പ്രതിനിധികൾ നേതൃത്വം നൽകുന്ന മൗലിദ് പാരായണം, ബഹുജന മീലാദ് റാലി തുടങ്ങി വിവിധ പരിപാടികൾ മൂന്നുനാൾ നീണ്ടു നിൽക്കുന്ന മീലാദ് സമ്മിറ്റിന്റെ ഭാഗമായി നടക്കും.പരിപാടിക്ക് തുടക്കം കുറിച്ച് ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം എം പി മുത്തുക്കോയ തങ്ങൾ മഖ്ദൂമിയുടെ അധ്യക്ഷതയിൽ റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ ഉൽഘാടനം നിർവഹിക്കും. ശനിയാഴ്ച്ച വാർഷിക മദ്ഹുറസൂൽ പ്രഭാഷണം മാദിഹുറസൂൽ ഉസ്താദ് പകര മുഹമ്മദ് അഹ്സനി നിർവഹിക്കും. ഞായറാഴ്ച വൈകിട്ട് നാലിന് ആയിരങ്ങൾ അണിനിരക്കുന്ന ബഹുജന മീലാദ് റാലി നടക്കും. ചമ്രവട്ടം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ ആയിരക്കണക്കിന് പ്രവാചക സ്നേഹികൾ അണിനിരക്കും.വിവിധ ഭാഷകളിലെ പ്രവാചക പകീർത്തനങ്ങളും ഇസ്ലാമിക കലാരൂപങ്ങളും റാലിക്ക് കൊഴുപ്പേകും. വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കേരള ഹജ്ജ് & വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. നൂറുസ്സാദാത്ത് സയ്യിദ് ബായാർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകും. വിവിധ വിദേശ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖ അതിഥികൾ പ്രവാചക പ്രകീർത്തനങ്ങൾക്ക് നേതൃത്വംനൽകും.വാർത്താസമ്മേളനത്തിൽ
മുഹമ്മദ് ഖാസിം കോയ
അബ്ദുസ്സമദ് നഈമി ചെന്ത്രാപ്പിന്നി
സയ്യിദ് അമീൻ തങ്ങൾശിഹാബ് പി ടി
നിസാർ പുതു പൊന്നാനി
യു എ റഷീദ് അസ്ഹരി സംബന്ധിച്ചു.