KERALALocal newsPONNANI

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ; പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍

കൊച്ചി : മലപ്പുറം മുന്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പീഡനപരാതി ഉന്നയിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഹൈക്കോടതിയില്‍. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണു വീട്ടമ്മ ഹൈക്കോടതിയേ സമീപിച്ചത്.മലപ്പുറം മുന്‍ എസ്.പി. സുജിത്ദാസ്, മുന്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, പൊന്നാനി ഇന്‍സ്്‌പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാണു വീട്ടമ്മയുടെ ആവശ്യം. പരാതിയുമായി പൊന്നായി സ്‌റ്റേഷനിലെത്തിയെങ്കിലും കേസെടുക്കാതെ തിരിച്ചയച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു.സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയപ്പോള്‍ തന്നെ മലപ്പുറം എസ്.പി. സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ. വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണു യുവതിയുടെ പരാതി. 2022 ഒക്‌ടോബറിലാണു പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ. വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഇതുസംബന്ധിച്ചു പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും ഇവര്‍ പറയുന്നു. പരിഹാരമില്ലാത്തതിനാല്‍ മലപ്പുറം എസ്.പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണു യുവതി പറയുന്നത്. അതേസമയം, നൂറുശതമാനവും താന്‍ നിരപരാധിയാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണു മുന്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി എസ്.പിയ്ക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. മുട്ടില്‍മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നതു തടയാനാണു സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണു വി.വി. ബെന്നിയുടെ പരാതി. മുട്ടില്‍ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും അദ്ദേഹം പറയുന്നു. തിരൂര്‍ ഡിവൈ.എസ്.പി.യായിരുന്നപ്പോള്‍ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാന്‍ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിര്‍ദേശംനല്‍കിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും എസ്.പി.ക്ക് അങ്ങനെ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇതിനുപുറമേ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും അനേ്വഷണം നടത്തി പരാതിയില്‍ കഴമ്പില്ലെന്നു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നു സ്ത്രീയുടെ പരാതി തള്ളിയെന്നുമാണു ഡിവൈ.എസ്.പി. ബെന്നിയുടെ വാദം. ഗൂഢാലോചന കേസിനു പുറമേ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button