പൊന്നാനി ലൈറ്റ് ഹൗസിന് സമീപം അശാസ്ത്രീയമായ രീതിയിൽ കടൽഭിത്തി നിർമ്മിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ പ്രവൃത്തികൾ തടഞ്ഞു
പൊന്നാനി:കടലാക്രമണത്തെ തടയാൻ പൊന്നാനി ലൈറ്റ് ഹൗസിന് വടക്ക് ഭാഗത്ത് കല്ലിടുന്ന പ്രവൃത്തികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. അശാസ്ത്രീയമായ രീതിയിലാണ് മേഖലയിൽ കടൽഭിത്തി
നിർമ്മിക്കുന്നതെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. നേരത്തെ നിർമ്മിച്ച കടൽഭിത്തിക്ക് മീറ്ററുകൾ മാറി പുതിയ കടൽഭിത്തി നിർമ്മിക്കുന്നത് കടലാക്രമണത്തിൽ നാശനഷ്ടംവർധിക്കാനിടയാക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെയുള്ള കടൽഭിത്തിയുടെ ഫൗണ്ടേഷൻ ഉറപ്പുള്ളതിനാൽ ഇതിന് മുകളിൽ കല്ലിടുന്നതാണ് കടലാക്രമണത്തെ പ്രതിരോധിക്കാൻ കൂടുതൽ സഹായകമെന്നാണ് നാട്ടുകാരുടെ വാദം.കൂടാതെ കൂടുതൽ കരഭാഗം നഷ്ടമാകാനും, പുതിയ ഭിത്തി നിർമ്മാണം മൂലം ഇടയാക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിഗണിക്കാതെ ഭിത്തി നിർമ്മാണം ആരംഭിച്ചതോടെയാണ് പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം നിർമ്മാണ പ്രവൃത്തികൾ തടഞ്ഞത്. സ്ഥലത്തെത്തിയ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായും പ്രദേശവാസികൾ വാക്കേറ്റമുണ്ടായി.ഇതേത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറപ്പിൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു. പൊന്നാനി ലൈറ്റ് ഹൗസിന് സമീപം 110 മീറ്റർ ഭാഗത്താണ് കടൽഭിത്തി നിർമ്മിക്കുന്നത്. എല്ലാ കടലാക്രമണങ്ങളിലും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാറുള്ള മേഖലയാണിത്.