പൊന്നാനി മോഡൽ വെട്ടിപ്പിടിക്കൽ; കിടങ്ങുകൾ വരെ നികത്തി കയ്യേറ്റമെന്നു പരാതി

പൊന്നാനി: ടൂറിസം സാധ്യതകളിലേക്കു നീങ്ങുന്ന ഭാരതപ്പുഴയോരത്തെ കർമ റോഡിനരികിൽ ഭൂമി വെട്ടിപ്പിടിക്കാൻ വ്യക്തികളുടെ നീക്കം. മഴവെള്ളം പുഴയിലേക്ക് ഒഴുകിയിരുന്ന കിടങ്ങുകൾ വരെ നികത്തി കയ്യേറ്റം നടത്തുന്നതായാണു പരാതി. ഇൗശ്വരമംഗലം മേഖലയിൽ വെള്ളക്കെട്ടിന് ഇടയാക്കുന്ന നികത്തൽ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. മരാമത്ത് വകുപ്പ് കാന നിർമിക്കാൻ ആലോചിച്ചിരുന്ന ഭാഗം വരെ നികത്തിക്കൊണ്ടിരിക്കുകയാണ്.
മരാമത്ത് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് വിവരം നൽകിയിട്ടും നടപടികളുണ്ടായിട്ടില്ല.പുറമ്പോക്ക് ഭൂമി വെട്ടിപ്പിടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കിടങ്ങുകൾ നിലനിന്നിരുന്ന ഭാഗത്തേക്ക് മതിൽ കെട്ടി വേർതിരിച്ചതും അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. തുടർച്ചയായ 2 പ്രളയങ്ങളിൽ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട പുഴയോര മേഖലയിലാണ് നികത്തലും കയ്യേറ്റവും നടക്കുന്നത്.
ഇൗശ്വരമംഗലം മേഖലയിലെ മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ പലതും അടയുന്ന തരത്തിലാണ് ചില ഇടങ്ങളിൽ നികത്തൽ നടന്നത്. കർമ റോഡും അനുബന്ധ ടൂറിസം പദ്ധതികളും യാഥാർഥ്യമാകുന്നതോടെ പുഴയോരത്തെ ഭൂമിക്കുണ്ടാകാവുന്ന വിപണി മൂല്യം മുന്നിൽ കണ്ടാണ് പലരും പുറമ്പോക്ക് ഭൂമി നികത്തി വെട്ടിപ്പിടിക്കാൻ ശ്രമം നടത്തുന്നത്.
പുഴയോരത്തെ സ്വകാര്യ ഭൂമിയും സർക്കാർ ഭൂമിയും വേർതിരിച്ച് അതിർത്തി നിർണയിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അനുകൂല നടപടികളുണ്ടായിട്ടില്ല. കർമ റോഡിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ടൂറിസം പദ്ധതികൾക്കായി 5 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നുമായിട്ടില്ല
