പൊന്നാനി മോട്ടോർ വാഹന വകുപ്പിൽ ഉദ്യോഗസ്ഥരില്ല; ജനം വലയുന്നു
പൊന്നാനി: പൊന്നാനി ജോയിന്റ് ആർ.ടി.ഒ. ഓഫീസിന്റെ പ്രവർത്തനമാണ് ഉദ്യോഗസ്ഥരുടെ കുറവുമൂലം താളംതെറ്റുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനം ഒച്ച് ഇഴയുന്ന വേഗത്തിലാണ്. ഉള്ള ഉദ്യോഗസ്ഥരിലാരെങ്കിലും അവധിയെടുത്താൽ ഡ്രൈവിങ് ടെസ്റ്റുപോലും മുടങ്ങുന്ന സ്ഥിതിയാണ്.
നാല് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വേണ്ടിടത്ത് ആകെ ഒരാൾമാത്രമാണ് ഇവിടെയുള്ളത്. രണ്ട് ക്ലാർക്കുമാരുടെ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്.
ഉദ്യോഗസ്ഥ കുറവുകാരണം വാഹന രജിസ്‌ട്രേഷൻ നടപടികളെല്ലാം ഇഴഞ്ഞാണ് നീങ്ങുന്നത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾ പരിശോധിക്കുന്നതിനും വാഹനനികുതി ഒഴിവാക്കുന്നതിന് നൽകുന്ന അപേക്ഷയെ തുടർന്നുള്ള പരിശോധനകളും നടത്താൻ കാലതാമസമെടുക്കുന്നത് അപേക്ഷകരെ വലയ്ക്കുന്നുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാൽ യാഥാസമയം പരിശോധന നടത്തുന്നതിനും ഉദ്യോഗസ്ഥരുടെ കുറവ് തടസ്സമാണ്. പൊന്നാനി ജോയിന്റ് ആർ.ടി.ഒ. പരിധിയിലുള്ള പൊന്നാനി, തവനൂർ, പെരുമ്പടപ്പ്, ചങ്ങരംകുളം, എടപ്പാൾ പ്രദേശത്തുള്ളവർ ഫിറ്റ്‌നസ് ലഭിക്കുന്നതിനും ബുദ്ധിമുട്ടുന്നുണ്ട്.
പൊന്നാനിയിലെ ഉദ്യോഗസ്ഥ ക്ഷാമം കാരണം സമീപത്തുള്ള തിരൂർ, പട്ടാമ്പി മോട്ടോർ വാഹനവകുപ്പ് ഓഫീസുകളെയാണ് ഇവിടുത്തുകാർ ആശ്രയിക്കുന്നത്.
ഡ്രൈവിങ് ടെസ്റ്റിനായി ഉദ്യോഗസ്ഥർ പോയാൽ ഓഫീസിലെത്തുന്ന ജനങ്ങൾ ടെസ്റ്റ് കഴിയുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഉദ്യോഗസ്ഥരാരെങ്കിലും അവധിയെടുത്താൽ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവർ നിരാശരായി മടങ്ങിപ്പോവുകയാണ്. കഴിഞ്ഞ ദിവസം ടെസ്റ്റ് നടക്കാത്തതിനാൽ അപേക്ഷകർ ജോയിന്റ് ആർ.ടി.ഒ.യെ ഉപരോധിക്കുന്ന സ്ഥിതിയുണ്ടായി.
പൊന്നാനി ജോയിന്റ് ആർ.ടി.ഒ. ഓഫീസിലെ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിച്ച് ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വകുപ്പ് മന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ. പവിത്രകുമാർ വകുപ്പ് മന്ത്രിക്ക് പരാതിനൽകി.