PONNANI


പൊന്നാനി മുൻസിഫ് മജിസ്‌ട്രേട്ട് കോടതി തീർപ്പാകാതെ കെട്ടിടക്കാര്യം

പൊന്നാനി : മുൻസിഫ് മജിസ്‌ട്രേട്ട് കോടതി പൊന്നാനിയിൽത്തന്നെ തുടരുമെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും പഴയ കെട്ടിടത്തിന്റെ കാര്യം തീർപ്പായില്ല. ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടം മ്യൂസിയമാക്കി മാറ്റാനുള്ളനീക്കം ഒരുഭാഗത്ത് നടക്കുമ്പോൾ കെട്ടിടം നവീകരിച്ച് കോടതി അവിടെത്തന്നെ നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പഴയകെട്ടിടം ഏതുരീതിയിൽ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

അറ്റകുറ്റപ്പണി നടത്തി മ്യൂസിയമായി നിലനിർത്തുന്നതിന് പൊതുമരാമത്ത് ആർക്കിടെക്ചറൽ വിഭാഗമാണ് പദ്ധതി തയ്യാറാക്കിയത്. 5.64 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. ഇതോടെയാണ് കോടതി പൊന്നാനിയിൽനിന്ന് മാറ്റാനുള്ള നീക്കം നടക്കുന്നതായുള്ള പ്രചാരണമുണ്ടായത്. കണ്ടനകത്തേക്ക് കോടതി മാറ്റാനുള്ള നീക്കത്തിനെതിരേ പൊന്നാനിയിൽ പ്രതിഷേധം ശക്തമായതോടെ കോടതി പൊന്നാനിയിൽതന്നെ നിലനിർത്തുമെന്ന ഉറപ്പുമായി പി. നന്ദകുമാർ എം.എൽ.എ. രംഗത്തെത്തിയിരുന്നു. എന്നാൽ, നിലവിലെ കെട്ടിടം പൊളിച്ചുമാറ്റുകയാണോ മ്യൂസിയമായി സംരക്ഷിക്കുകയാണോ എന്ന കാര്യത്തിൽ അദ്ദേഹവും വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല.

സിവിൽസ്റ്റേഷനോടുചേർന്ന് നിർമിക്കാൻ ഉദ്ദേശിക്കുന്ന അനക്സ് കെട്ടിടത്തിലേക്ക് കോടതിമാറ്റുമെന്നാണ് അദ്ദേഹം അറിയിച്ചത്. വിവിധ സർക്കാർ ഓഫീസുകൾ സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതിനാണ് കെട്ടിടം നിർമിക്കാൻ പദ്ധതിയിട്ടതെങ്കിലും സ്ഥലലഭ്യതയില്ലാത്തതുമൂലം കോടതി പൊന്നാനിയിൽനിന്ന് മാറ്റുന്ന സാഹചര്യം ഒഴിവാക്കാൻ അനക്സ് കെട്ടിടം പൂർണമായി കോടതിക്കായി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ, പഴയ കെട്ടിടം നവീകരിച്ച് കോടതി അവിടെത്തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി അഭിഭാഷകർതന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി പൊന്നാനി കോടതി സംരക്ഷണ സമിതിക്ക്‌ രൂപം നൽകി. പഴയ കെട്ടിടത്തിൽ കോടതി നിലനിർത്താൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുന്നതിന് മെട്രോമാൻ ഇ. ശ്രീധരന്റെ പിന്തുണയും കോടതി സംരക്ഷണസമിതി അഭ്യർഥിച്ചിരുന്നു. അഭിഭാഷകരായ എം. സുരേഷ്‌കുമാർ, കെ.വി. സുജീർ, അബ്ദുൽജബ്ബാർ എന്നിവരാണ് കോടതി വിഷയത്തിൽ മെട്രോമാന്റെ സഹായമഭ്യർഥിച്ച് അദ്ദേഹത്തെ സന്ദർശിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button