PONNANI

പൊന്നാനി മിനി വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്തു

പൊന്നാനി മിനി വൈദ്യുതി ഭവൻ മന്ത്രി കെ കൃഷ്ണൻ കുട്ടിഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ വ്യവസായിക പുരോഗതിക്ക് ജലവൈദ്യുത നിലയങ്ങൾ അനിവാര്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി. കേരളത്തിലെ വ്യവസായങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനുള്ള പദ്ധതികൾക്കാണ് സംസ്ഥാന സർക്കാർ മുൻതൂക്കം നൽകുന്നത്. എങ്കിൽ മാത്രമേ കേരളത്തിൽ കൂടുതൽ വ്യവസായങ്ങൾ ആരംഭിക്കുക വഴി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ. ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള ജനകീയ ഇടപെടൽ ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനി സബ്സ്റ്റേഷൻ കോമ്പൗണ്ടിൽ നിർമിച്ച മിനി വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മുൻപ് വൈദ്യുതി വാങ്ങി ഉപഭോക്താക്കൾക്ക് ലഭ്യമാക്കികൊണ്ടിരുന്ന അവസ്ഥയിൽ നിന്നും ഒന്നര വർഷം കൊണ്ട് 38.5 മെഗാ വാട്ട് ശേഷിയുള്ള നാലു വൈദ്യുതി നിലയങ്ങൾ നിർമിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. കേരളത്തിൽ 6000 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള ജലലഭ്യത ഉണ്ട്. വാർഷിക ജല ലഭ്യത 3000 ടിഎംസി ആയിരിക്കെ അതിന്റെ 10 ശതമാനം മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉൽപാദനത്തിനുമായി വിനിയോഗിക്കുന്നത്. 2027 ഓടുകൂടി 3000 മെഗാവാട്ട് വൈദ്യുതി എങ്കിലും പുനരുപയോഗ ഊർജ്ജസ്രോതസുകളിൽ നിന്നും ലഭ്യമാക്കാൻ ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 1500 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതികൾ പര്യവേഷണ ഘട്ടത്തിലാണ്.

വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിന് മുൻപ് അനുമതി ലഭിച്ച 12000 കോടി രൂപയുടെ പദ്ധതിയ്ക്ക് പുറമേ 11000 കോടിയുടെ പദ്ധതിക്ക് ആർ.ഡി.എസ്.എസ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുമ്പോൾ തടസമില്ലാത്ത വൈദ്യുതി വിതരത്തിനാണ് ശ്രമിക്കുന്നത്. 2023 ഓടെ കേരളത്തിൽ വൈദ്യുതി അപകടങ്ങൾ ഇല്ലാത്ത വർഷമായി ആചരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിന് കവചിത കണ്ടക്ടറുകൾ സ്ഥാപിക്കുന്നതിനും അണ്ടർഗ്രൗണ്ട് കേബിളുകൾ സ്ഥാപിക്കുന്നതിനും ഗ്രാമീണ മേഖലയിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനും വൈദ്യുതി തടസങ്ങൾ കുറയ്ക്കുന്നതിനും നഗരപ്രദേശങ്ങളിൽ ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ വൈദ്യുതി വിതരണ മേഖല ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.

ശിലാഫലകം മന്ത്രി അനാഛാദനം ചെയ്തു. പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. നോർത്ത് ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ കെ.എസ്.രജിനി റിപ്പോർട്ട് അവതരിപ്പിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, എസ്.സി.എം. ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സി.സുരേഷ് കുമാർ, സി.സുധർമ്മൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button