പൊന്നാനി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.കെ. സക്കീറിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്
പൊന്നാനി: മണ്ഡലത്തിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക്.എൽഡിഎഫ് സ്ഥാനാർഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ‘പുതുപൊന്നാനി 44-ാം വാർഡ് സഖാക്കൾ’ എന്ന പേരിൽ മണ്ഡലത്തിൽ പുതിയ പോസ്റ്ററുകൾ ഉയർന്നു.
അടിമകളാകാൻ തങ്ങൾ തയ്യാറല്ലെന്നും ചങ്ങലകളാൽ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. പാർട്ടിയുടെയും മുന്നണിയുടെയും നിലവിലെ തീരുമാനങ്ങളോടുള്ള കടുത്ത അമർഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഈ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ‘നോട്ട’യ്ക്കായിരിക്കുമെന്ന് സഖാക്കൾ ഈ പോസ്റ്ററിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു.
മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദൻ, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികൾ വായിക്കാൻ നിർബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.