പൊന്നാനി നഗരസഭാധ്യക്ഷന്റെ ചേംബറിലേക്ക് പ്രതിപക്ഷം ടോർച്ചടിച്ചു
പൊന്നാനി: നഗരസഭയിലെ തെരുവുവിളക്കുകൾ കത്തിക്കാനുള്ള നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ ടോർച്ചടിച്ച് പ്രതിപക്ഷ പ്രതിഷേധം.
കൗൺസിൽ യോഗം ആരംഭിച്ചയുടൻതന്നെ തെരുവുവിളക്ക് വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നഗരസഭാധ്യക്ഷന്റെ ചേംബറിലേക്ക് ടോർച്ചടിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങൾക്കിടെ നഗരസഭാധ്യക്ഷൻ അജൻഡ വായിക്കാൻ ആരംഭിച്ചു. പദ്ധതിനിർവഹണവുമായി ബന്ധപ്പെട്ട ഒന്നാമത്തെ അജൻഡ വിശദീകരിക്കണമെന്ന് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും അധ്യക്ഷൻ ഇതിന് വഴങ്ങിയില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവെക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയുംചെയ്തു.
ബഹളമയമായതോടെ 42 അജൻഡകളും 14 സപ്ലിമെന്ററി അജൻഡകളും പാസാക്കിയെന്ന് പറഞ്ഞ് കൗൺസിൽയോഗം അവസാനിപ്പിച്ചു. ഇതോടെ അജൻഡകൾ കീറിയെറിഞ്ഞ് പ്രതിപക്ഷാംഗങ്ങൾ നഗരസഭാ കാര്യാലയത്തിനു മുൻപിലും പ്രതിഷേധിച്ചു. കഴിഞ്ഞ നാല് കൗൺസിലിലും ഒരു അടിയന്തര കൗൺസിലിലും തെരുവുവിളക്കുകളുടെ ടെൻഡർ ചർച്ചചെയ്തിട്ടും പ്രവർത്തനം ആരംഭിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
പ്രതിപക്ഷാംഗങ്ങളെ ഒപ്പിടാൻ സമ്മതിച്ചില്ലെന്നാരോപിച്ചും പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധത്തിന് പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം, കൗൺസിലർമാരായ അനുപമ മുരളീധരൻ, ആയിശ അബ്ദു, മിനി ജയപ്രകാശ്, കെ.എം. ഇസ്‌മായിൽ, ശ്രീകല ചന്ദ്രൻ ,ശബ്‌ന ആസ്‌മി, എൻ. റാഷിദ് എന്നിവർ നേതൃത്വംനൽകി.