EDAPPALLocal news
പൊന്നാനി താലൂക്ക് ആശുപത്രി: പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം താളം തെറ്റി

പൊന്നാനി ∙ താലൂക്ക് ആശുപത്രിയിൽ പേഷ്യന്റ് മാനേജ്മെന്റ് സിസ്റ്റം താളം തെറ്റി. രോഗികൾ മണിക്കൂറുകൾ വരി നിൽക്കേണ്ടി വരുന്നു. ചിലർ തിക്കിത്തിരക്കി കാര്യം നേടുമ്പോൾ മറ്റു ചിലർക്ക് മണിക്കൂറുകൾ കാത്തിരുന്നിട്ടും ഡോക്ടറെ കാണാൻ കഴിയാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയാണ്. ടോക്കൺ സിസ്റ്റത്തിനു പുറമേ കംപ്യൂട്ടറും തകരാറിലായി. ദിവസവും നൂറുകണക്കിന് രോഗികളാണ് ഒപിയിലെത്തുന്നത്.
താലൂക്കാശുപത്രിയിൽ ഡിഎംആർസി തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് ടോക്കൺ സിസ്റ്റം നടപ്പാക്കിയിരുന്നത്. ടോക്കൺ എടുത്തതിനു ശേഷം രോഗികൾക്ക് ഒപി കൗണ്ടറിനു മുൻപിലുള്ള കസേരകളിൽ ഇരുന്ന് തന്റെ നമ്പർ എത്തുമ്പോൾ മുറിയിലേക്ക് പോയാൽ മതിയായിരുന്നു. ഇൗ സംവിധാനമാണ് പൂർണമായി താറുമാറായിരിക്കുന്നത്. വലിയ പ്രതിഷേധമാണ് രോഗികൾക്കിടയിൽ നിന്ന് ഉയരുന്നത്.
