പൊന്നാനിയിൽ 5 വർഷത്തിനിടെ നിലംപൊത്തിയത് ജീർണ്ണിച്ച 11 കെട്ടിടങ്ങൾ


പൊന്നാനി: ഞായറാഴ്ച രാത്രി തകർന്നു വീണ കെട്ടിടം ഉൾപ്പെടെ പൊന്നാനി അങ്ങാടിയിൽ അഞ്ചു വർഷത്തിനിടെ നിലംപൊത്തിയത് കാലപ്പഴക്കം ചെന്ന 11 കെട്ടിടങ്ങൾ. ഏതുനിമിഷവും തകർച്ച കാത്ത് കഴിയുന്നത് 12 കെട്ടിടങ്ങൾ.
കാലപ്പഴക്കം ചെന്നതും തകർച്ചാഭീഷണി നേരിടുന്നതുമായ കെട്ടിടങ്ങളുടെ കാര്യത്തിൽ തഹസിൽദാർ പ്രസിദ്ധീകരിച്ച പട്ടികയിലെ 13 എണ്ണത്തിൽ ഒന്നാണ് കഴിഞ്ഞ രാത്രി നിലംപൊത്തിയത്. ലോക്ക്ഡൗണും രാത്രി സമയവുമായതിനാൽ വലിയ അപകടം ഒഴിവായി.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങൾ ജീവനു ഭീഷണിയായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പിലെ കെട്ടിടവിഭാഗം, നഗരസഭയിലെ എൻജിനീയറിംഗ് വിഭാഗം, റവന്യൂ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം നഗരസഭയിലെ പൊളിച്ചുനീക്കേണ്ടതും അറ്റകുറ്റപണി നടത്തേണ്ടതുമായ കെട്ടിടങ്ങളുടെ കണക്കെടുത്തിരുന്നു. എന്നാൽ ഇതനുസരിച്ചുള്ള നടപടികൾ നഗരസഭ സ്വീകരിച്ചില്ല. കാലഹരണപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുനീക്കിയും റോഡിലേക്ക് ഇറങ്ങിക്കിടക്കുന്ന കെട്ടിടഭാഗങ്ങൾ പൊളിച്ചുമാറ്റിയും റോഡ് വികസനം യാഥാർത്ഥ്യമാക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതിനായി സമവായം രൂപപ്പെടുത്താൻ കെട്ടിട ഉടമകളുടേയും വ്യാപാരികളുടേയും നിരന്തരയോഗം വിളിച്ചു ചേർക്കുകയും അനുകൂല തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കുറച്ചുപേർ മാത്രമാണ് സന്നദ്ധമായത്. ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നും ഇവ പൊളിക്കാൻ നിയമപരമായി ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
പിണക്കാതെ പിന്മാറ്റം
പഴയ കെട്ടിടങ്ങൾ തകർന്നു വീഴുന്നത് പതിവായതോടെ ബലക്ഷയം നേരിടുന്നവയുടെ കാര്യത്തിൽ കർക്കശ നടപടി സ്വീകരിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു.
പകുതി തകർന്ന അര ഡസനോളം കെട്ടിടങ്ങൾ ഏതു നിമിഷവും നിലം പൊത്താവുന്ന തരത്തിൽ തൂങ്ങിയാടി നിൽക്കുന്നുണ്ട്. ഇവ പൊളിച്ചുനീക്കണമെന്ന നഗരസഭയുടെ ആവശ്യത്തോട് ഉടമകൾ നിഷേധ നിലപാടാണ് തുടരുന്നത്.
പൊളിച്ചുമാറ്റേണ്ടവ, അറ്റകുറ്റപ്പണി നടത്തേണ്ടവ, കേടുപാടുകൾ ഇല്ലാത്തത് എന്നിങ്ങനെ തരം തിരിച്ചാണ് പൊന്നാനി ചാണ റോഡ് മുതൽ കോടതിപ്പടി വരെയുള്ള ഭാഗത്തെ കെട്ടിടങ്ങൾ പരിശോധിച്ചത്. പകുതിയോളം കെട്ടിടങ്ങൾ ബലക്ഷയം നേരിടുന്നവയാണെന്നാണ് കണ്ടെത്തി.
അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് തഹസിൽദാർ നോട്ടീസ് നൽകിയ 13 കെട്ടിടങ്ങൾ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകളും വ്യാപാരികളും വൈമനസ്യം കാണിച്ചതോടെ നഗരസഭയും അങ്ങാടി വികസനത്തിൽ നിന്ന് പിന്മാറി.
ബലക്ഷയം നേരിടുന്നതുൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നഗരസഭയെ നിയമക്കുരുക്കിലാക്കുമെന്ന വിദഗ്‌ദ്ധോപദേശവും പിന്മാറ്റത്തിന് കാരണമായി
12 കെട്ടിടങ്ങളാൽ നിലവിൽ അപകട ഭീഷണിയുയർത്തി നിലനിൽക്കുന്നത്
