പൊന്നാനി: കടലേറ്റം ചെറുക്കാൻ മേഖലയിൽ 10 കോടിയുടെ കടൽഭിത്തി നിർമാണപദ്ധതി ഉടൻ നടപ്പാക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ. ടെൻഡർ നടപടികൾ ആരംഭിച്ചതായും എം.എൽ.എ. അറിയിച്ചു.നേരത്തേ പ്രഖ്യാപിച്ച പദ്ധതിയായിരുന്നെങ്കിലും കല്ലിന്റെ വില നിശ്ചയിക്കൽ ഉൾപ്പെടെ പൂർത്തിയാകാത്തതിനാൽ ടെൻഡർ നടപടികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. സാങ്കേതിക കുരുക്കുകളെല്ലാം അഴിച്ചാണ് ഇപ്പോൾ ടെൻഡറിലേക്ക് കടന്നിട്ടുള്ളത്.പൊന്നാനി, വെളിയങ്കോട്, പെരുമ്പടപ്പ് പരിധിയിലെ 11 കിലോമീറ്ററിലധികം വരുന്ന പരിധിയിൽ വെറും 1.08 കിലോമീറ്ററിലാണ് ഇപ്പോൾ കടൽഭിത്തി നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ പൊന്നാനി നഗരസഭാ പരിധിയിൽ മരക്കടവ് മുതൽ അലിയാർ പള്ളി വരെയുള്ള 600 മീറ്റർ ഭാഗം മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. വെളിയങ്കോട് തണ്ണിത്തുറയ്ക്ക് സമീപത്തുള്ള തീരഭാഗത്ത് 235 മീറ്ററും പാലപ്പെട്ടി തീരത്ത് 250 മീറ്ററും നീളത്തിൽ കടൽഭിത്തി നിർമിക്കും.കടലേറ്റം രൂക്ഷമായി ബാധിക്കുന്ന എം.ഇ.എസ്. കോളേജിന് പിൻവശം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് ഭാഗങ്ങളിൽ കടൽഭിത്തിക്കായി ഇനിയും കാത്തിരിക്കേണ്ടിവരും. എട്ടരക്കിലോമീറ്റർ ഭാഗത്തെങ്കിലും കടൽഭിത്തി നിർമിക്കണമെന്നാണ് തീരദേശവാസികൾ ആവശ്യപ്പെടുന്നത്.ടെൻഡർ നടപടികൾ ഒരുമാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ അതീവ കടലേറ്റ മേഖലയിൽ ഉൾപ്പെട്ടതാണ് പൊന്നാനി തീരം. കേന്ദ്ര തീരദേശ ഗവേഷണ കേന്ദ്രം (എൻ.സി.സി.ആർ.) പ്രത്യേക പഠനവും ഈ ഭാഗത്ത് നടത്തിയിരുന്നു. പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരദേശ സംരക്ഷണത്തിനാവശ്യമായ പദ്ധതികൾ തയ്യാറാക്കും.