പൊന്നാനിയിൽ തീരദേശത്തെ തീപാറുന്ന പോരാട്ടം നടന്ന മണ്ഡലം

കാത്തിരുന്ന കുത്തൊഴുക്ക് പൊന്നാനിയിൽ കാണാനായില്ല

പൊന്നാനി: പ്രചാരണത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ മണ്ഡലം. സ്ഥാനാർഥി നിർണയവുമായി ഉയർന്ന പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്ന ആത്മവിശ്വാസവുമായി കളത്തിൽ നിറഞ്ഞുനിന്ന ഇടതുപക്ഷം. യുവത്വത്തിന്റെ പ്രതീകത്തെ രംഗത്തിറക്കി മണ്ഡലം പിടിക്കാനിറങ്ങിയ യു.ഡി.എഫ്, വോട്ടുകളുടെ എണ്ണം കൂട്ടാനല്ല, വിജയിക്കാൻതന്നെയാണ് മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ച എൻ.ഡി.എ. പ്രചാരണം മൂർധന്യത്തിലായിരുന്നു.
പൗരധർമത്തിന്റെ ചൂണ്ടുവിരലറ്റത്ത് പ്രതീക്ഷയുടെ നീലമഷി പുരണ്ടുകഴിഞ്ഞപ്പോൾ തീരദേശരാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കുകയാണ്. പക്ഷേ കാത്തിരുന്ന കുത്തൊഴുക്ക് പൊന്നാനിയിൽ കാണാനായില്ല. പ്രചാരണത്തിൽ ആവേശത്തിന്റെ വേലിയേറ്റമുണ്ടായ തീരദേശത്ത് വിധിയെഴുത്തുകഴിഞ്ഞപ്പോൾ ഉയർന്നത് ആശങ്കയുടെ തിരമാലകളാണ്. വിധിയെഴുത്തിനായി ജനം പോളിങ് ബൂത്തിലെത്തുമ്പോൾ പ്രചാരണരംഗത്തുണ്ടായ ആവേശം പ്രകടമാകുന്നുണ്ടോ എന്നറിയാൻ തീരദേശ മണ്ഡലങ്ങളിലൂടെ നടത്തിയ യാത്രയിൽ പ്രകടമായതിതാണ്.
