പൊന്നാനിയിൽ ജീപ്പ് റോഡിലെ കുഴിയില്‍ വീണ് അപകടം; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്
![](https://edappalnews.com/wp-content/uploads/2023/07/images-2.jpg)
![](https://edappalnews.com/wp-content/uploads/2023/06/IMG-20230415-WA0189-1024x1024-6-1024x1024.jpg)
പൊന്നാനി∙ വെളിയങ്കോട്ടെ ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിൽ വീണ് ജീപ്പ് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിനു പരുക്കേറ്റ സംഭവത്തിൽ ജീപ്പോടിച്ചിരുന്ന ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷറഫിന് (43) എതിരെയാണ് പെരുമ്പടപ്പ് പൊലീസ് അലക്ഷ്യമായി വാഹനം ഓടിച്ചതായി കാണിച്ച് കേസെടുത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം.അഷറഫും കുടുംബവും കരുനാഗപ്പള്ളിയിൽനിന്ന് കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് സ്കൂൾ പടിയിലെ ഓട നിർമാണത്തിന് എടുത്ത കുഴിയിൽ ഇവർ സഞ്ചരിച്ച ജീപ്പ് മറിയുകയായിരുന്നു. നിർമാണം നടക്കുന്ന റോഡിൽ മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതു മൂലം റോഡിന്റെ ദിശ അറിയാതെ ജീപ്പ് കുഴിയിൽ പതിക്കുകയായിരുന്നു.
അപകടത്തിൽ അഷറഫിനെ കൂടാതെ ഭാര്യ റജീന, മക്കളായ ഇബ്രാഹിം ബാദുഷ, ആയിഷ, ടിപ്പു സുൽത്താൻ എന്നിവർക്കു പരുക്കേറ്റിരുന്നു. പരുക്കുകളോടെ ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്കേറ്റവരിൽ നിന്ന് പെരുമ്പടപ്പ് പൊലീസ് ഇന്നലെ മൊഴിയെടുത്തു. അപകടത്തിൽപെട്ട ജീപ്പ് പൊലീസിനു പുറമേ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അടുത്ത ദിവസം പരിശോധിക്കും.
![](http://edappalnews.com/wp-content/uploads/2025/01/logo.png)