ELECTION NEWS

പൊന്നാനിയിൽ ജനസാഗരം തീർത്ത് യുഡിഎഫ് കൊട്ടിക്കലാശം

പൊന്നാനി: ആവേശം അണപൊട്ടിയൊഴുകിയ ജനസാഗരത്തെ സാക്ഷിയാക്കി പൊന്നാനി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. നൗഷാദലിയുടെ പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം. വെളിയംകോട് നിന്നും ആരംഭിച്ച റോഡ് ഷോ പാലപ്പെട്ടി, പെരുമ്പടപ്പ്, ചിറവല്ലൂർ, ചങ്ങരംകുളം, എരമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മാറഞ്ചേരിയിൽ സമാപിച്ചപ്പോൾ പ്രവർത്തകർക്കും വോട്ടർമാർക്കും അത് പുത്തനുണർവായി മാറി.

മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത വിധത്തിലുള്ള വൻ ജനപങ്കാളിത്തമാണ് കൊട്ടിക്കലാശത്തിന് മാറഞ്ചേരിയിൽ ദൃശ്യമായത്. യുഡിഎഫ് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും സമാപന വേദിയിൽ സ്ഥാനാർത്ഥിക്കൊപ്പം അണിചേർന്നു. കെ.പി. നൗഷാദലിയുടെ വിജയം സുനിശ്ചിതമാണെന്നും പൊന്നാനിയുടെ വികസന ചരിത്രം തിരുത്തിക്കുറിക്കാനുള്ള ജനവിധിയാണ് വരാനിരിക്കുന്നതെന്നും മുനവ്വറലി തങ്ങൾ പ്രഖ്യാപിച്ചു.

വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ നീങ്ങിയ റോഡ് ഷോയിലുടനീളം സ്ത്രീകളും കുട്ടികളുമടക്കം വലിയൊരു വിഭാഗം ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. മണ്ഡലത്തിൽ ഇതുവരെ നടന്ന പ്രചാരണ പരിപാടികളിലെല്ലാം പ്രകടമായ അതേ ആവേശം കൊട്ടിക്കലാശത്തിലും ആവർത്തിക്കപ്പെട്ടത് യുഡിഎഫ് കേന്ദ്രങ്ങളിൽ വലിയ ആത്മവിശ്വാസമാണ് .നൽകുന്നത്. പരസ്യപ്രചാരണം അവസാനിച്ചതോടെ, വോട്ടെടുപ്പിന് ബാക്കിയുള്ള സമയം ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രചാരണത്തിലൂടെ വോട്ടുകൾ ഉറപ്പിക്കാനുള്ള സജീവമായ പ്രവർത്തനങ്ങളിലേക്ക് യുഡിഎഫ് പ്രവർത്തകർ കടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button