KERALA
മദ്യപിക്കാൻ പണത്തിനായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, സ്വർണം മോഷ്ടിച്ചു; വൃദ്ധയുടെ കൊലപാതകത്തിൽ പേരക്കുട്ടി അറസ്റ്റിൽ
തൃശൂർ: ചേർപ്പ് കടലാശ്ശേരിയിൽ ഒറ്റക്കു താമസിക്കുന്ന വൃദ്ധയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണം മോഷ്ടിച്ച കേസിൽ പേരകുട്ടി അറസ്റ്റിൽ. ഊമൻപിള്ളി പരേതനായ വേലായുധൻ ഭാര്യ കൗസല്യ (78) മരണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞതോടെയാണ് അറസ്റ്റ്. കൗസല്യയുടെ മകന്റെ മകൻ ഗോകുലിനെ തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.അമ്മൂമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്വർണ്ണം മോഷ്ടിച്ചത് ഗോകുലാണെന്ന് പോലീസ് പറഞ്ഞു. മദ്യപിക്കാൻ പണത്തിനു വേണ്ടിയാണ് ഇയാൾ കൊലനടത്തി സ്വർണ്ണം കവർന്നത്. ചെറുപ്പത്തിൽ സ്വർണ്ണ പണി പഠിച്ചിട്ടുള്ള ഇയാൾ ഇപ്പോൾ പോളീഷ് പണിക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ സ്ഥിരമായി പണിക്കു പോകാതെ കൂട്ടുകൂടി മദ്യപിച്ചു നടക്കുന്ന ശീലമാണ് ഇയാൾക്കെന്നുമാണ് വിവരം.