പൊന്നാനിയിൽ കപ്പലടുക്കുമെന്ന് ശുഭപ്രതീക്ഷ.

പൊന്നാനി: പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന് സുപ്രധാന ചുവടുവെപ്പുമായി സർക്കാർ മുന്നോട്ട്. സ്വകാര്യ സംരംഭക പങ്കാളിത്തത്തിൽ പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 28ന് പൊന്നാനിയിൽ ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുമെന്ന് പി. നന്ദകുമാർ എം.എൽ.എ അറിയിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രധാന വ്യവസായികളെ ഉൾപ്പെടുത്തിയാണ് സംരംഭക സംഗമം നടത്തുന്നത്. 55 ലധികം സംരംഭകർ സംഗമത്തിൽ പങ്കെടുക്കും. മൾട്ടി പർപ്പസ് പോർട്ട് നിർമിക്കുന്നതിനുള്ള പദ്ധതിയാണ് തയാറായിട്ടുള്ളത്. ചരക്ക് നീക്കത്തിന് പുറമെ യാത്ര, ടൂറിസം സാധ്യതകൾ കൂടി കണക്കിലെടുത്തുള്ള വിശദ പദ്ധതി വിശദീകരണം ഇൻവെസ്റ്റേഴ്സ് മീറ്റിൽ നടക്കും. പദ്ധതിക്കായി 30 ഏക്കർ ഭൂമി വിട്ടു നൽകും. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം നൽകാനും തുറമുഖ വകുപ്പ് സന്നദ്ധമാണ്. നിക്ഷേപ കമ്പനികൾക്ക് ഗോഡൗൺ നിർമിക്കാനാവശ്യമായ സ്ഥലം ഉൾപ്പെടെ നൽകാനാണ് ധാരണ. കേരളത്തിൽ പോർട്ട് വികസിപ്പിക്കാൻ കഴിയുന്ന ഏക സ്ഥലമെന്നതിനാലാണ് പൊന്നാനിക്ക് സാധ്യത വർധിക്കുന്നത്. പ്രകൃതിദത്ത തുറമുഖം എന്നതിന് പുറമെ കപ്പൽ ചാലുകളുമായി അടുത്ത് കിടക്കുന്ന തീരവും പൊന്നാനിയാണ്. ലക്ഷദ്വീപുമായി വ്യാവസായിക, യാത്ര സൗകര്യവും ഇതിന്റെ ഭാഗമായി നടക്കുമെന്നതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെയും ഇൻവെസ്റ്റേഴ്സ് മീറ്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നേരത്തെ തന്നെ പദ്ധതിക്കായി പ്രൊപ്പോസൽ ഉണ്ടായിരുന്നതിനാൽ തടസങ്ങളില്ലാതെ പ്രവർത്തനവുയി മുന്നോട്ട് പോകാനാവുമെന്ന് പി.നന്ദകുമാർ എം.എൽ.എ പറഞ്ഞു. പൊന്നാനി തുറമുഖത്ത് കപ്പൽ ടെർമിനൽ നിർമിക്കുന്നതിനായി മാരിടൈം ബോർഡ് മുൻകൈയെടുത്ത് നിലവിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഈ പദ്ധതിയുടെ അടിസ്ഥാന ത്തിലായിരിക്കും നിർമാണ നടത്തിപ്പ് ചുമതലകളുമായി ബന്ധപ്പെട്ട രൂപരേഖയുണ്ടാക്കുക. തുറമുഖ നിർമാണത്തിനായി സ്വകാര്യ കമ്പനിക്ക് കടൽ തീരം വിട്ടുനൽകുകയും നടത്തിപ്പ് ചുമതല ഉൾപ്പെടെ നൽകിക്കൊണ്ടുള്ള കരാർ ഉറപ്പിക്കാനുമാണ് ധാരണ. നേരത്തെ വാണിജ്യ തുറമുഖ നിർമാണത്തിനായി സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നെങ്കിലും പദ്ധതി പാതിവഴിപോലുമെത്താതെ മുടങ്ങിപ്പോയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ, അതിവേഗം നടപ്പാക്കാൻ കഴിയുന്നതും കുറഞ്ഞ ചെലവിൽ ലാഭകരമായി നിർമിക്കാൻ കഴിയുന്നതുമായ പദ്ധതിയാണ് നിലവിൽ ആസൂത്രണം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു.
