പൊന്നാനിയിൽ കടലാക്രമണം രൂക്ഷം; കടലാസില്‍ ഒതുങ്ങി പദ്ധതികൾ


പൊന്നാനി: പൊന്നാനി തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷമായി കൊണ്ടിരിക്കുമ്പോഴും കടലാക്രമണം തടയുന്നതിനായെടുത്ത തീരുമാനങ്ങളും പദ്ധതികളും ഇന്നും കടലാസ്സിൽ തന്നെ. രൂക്ഷമായികൊണ്ടിരിക്കുന്ന കടലാക്രമണത്തെ തുടർന്ന് പൊന്നാനിയിലെ നിരവധി കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. മിക്കവരുടെയും കിടപ്പാടങ്ങൾ ഇതിനകം കടലെടുത്തു കഴിഞ്ഞു.
മഴ ശക്തിപ്രാപിച്ചതോടെ വേലിയേറ്റസമയങ്ങളിൽ പൊന്നാനിയിൽ രൂക്ഷമായ കടലേറ്റം. കടൽഭിത്തിയില്ലാത്ത ഭാഗങ്ങളിലാണ് കടൽ കരയിലേക്ക് ആഞ്ഞടിക്കുന്നത്.
പൊന്നാനി ഹിളർ പള്ളി പരിസരം, എം.ഇ.എസ്. കോളേജിന് പിൻഭാഗം, അലിയാർ പള്ളി പരിസരം, തെക്കേക്കടവ്, മുക്കാടി എന്നീ ഭാഗങ്ങളിലാണ് വ്യാഴാഴ്‌ചയോടെ രൂക്ഷമായ കടലേറ്റം അനുഭവപ്പെട്ടത്.
കടലോരത്തുള്ള വീടുകൾ പലയിടത്തും പൊളിച്ചുമാറ്റിയതിനാൽ തീരദേശത്തെ റോഡിലേക്കാണ് കടൽവെള്ളം ഇരച്ചെത്തുന്നത്. അലിയാർ പള്ളി മുതൽ മുറിഞ്ഞഴി വരെയുള്ള റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ശക്തിയേറിയ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുകയാണ്. ദിവസങ്ങൾക്കകം അഞ്ചുമീറ്ററോളം കരഭാഗം കടലെടുത്തിട്ടുണ്ട്. ഒട്ടേറെ തെങ്ങുകളും കടപുഴകി. ഉയർന്ന തിരമാലകളല്ലാത്തതിനാൽ കടൽഭിത്തിയുള്ള മേഖലകളിൽ കടലേറ്റം സാരമായി ബാധിച്ചില്ല.
എന്നാൽ പൊന്നാനിയുടെ പലഭാഗങ്ങളിലും ഇപ്പോഴും കടൽഭിത്തിയില്ല. മുൻപുണ്ടായ കടലേറ്റത്തിൽ കൂടുതൽ നാശംസംഭവിച്ച സ്ഥലങ്ങളിൽ കടൽഭിത്തി നിർമാണം ആരംഭിക്കാൻ പദ്ധതിയുണ്ടെങ്കിലും നടപ്പായിട്ടില്ല.
കടൽഭിത്തിയില്ലാത്ത സ്ഥലങ്ങളിലുള്ള മണൽത്തിട്ട കടലെടത്തുകൊണ്ടിരിക്കുകയാണ്. അടിയന്തരമായി കടൽഭിത്തി പുനർനിർമിച്ചാൽ മാത്രമേ ഇതിനു പരിഹാരമാകൂ എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
