പൊന്നാനിയിൽനിന്ന് വെറും 1380 നോട്ടിക്കൽ മൈൽ അകലെ ദുബായ് എന്ന സ്വപ്ന നഗരം

പൊന്നാനി: ഇത് പൊന്നാനിയാണ്; മുറിച്ചിട്ടാൽ മുറികൂടും. കാദർകുട്ടി സ്രാങ്കിന്റെ ഉരു കത്തിയാലോ, മണൽ തിട്ട നീക്കം ചെയ്യാതിരുന്നാലോ, ചരക്കുകൾ മറ്റ് തുറമുഖങ്ങളിലേക്ക് തിരിച്ചു വിട്ടാലോ തകരില്ല. ഒരു കപ്പൽ വന്നാൽ മതി പൊന്നാനിയുടെ തലവര മാറും. കടൽ കടന്ന് ഇൗ നാട്ടിലേക്ക് വീണ്ടും സാധ്യതകൾ കൊണ്ടുവരാൻ കഴിയും. രാജ്യാന്തര ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ പൊന്നാനിക്ക് ഒരു കപ്പൽ ദൂരം മാത്രമാണുള്ളത്.
പൊന്നാനിയിൽനിന്ന് വെറും 1380 നോട്ടിക്കൽ മൈൽ അകലെ ദുബായ് എന്ന സ്വപ്ന നഗരമുണ്ട്. ചരക്കുനീക്കത്തിന് വെറും 3 ദിവസത്തെ അകലം. മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകൾക്കും കോയമ്പത്തൂർ, തിരുപ്പൂർ തുടങ്ങിയ പ്രദേശങ്ങൾക്കും ഇൗ സാധ്യത പൊന്നുപോലെ ഉപയോഗിക്കാം. നിർമാണ, വ്യവസായ, കച്ചവട മേഖലകൾക്ക് പുത്തൻ ഉണർവാകും.
ദുബായിയുമായി പൊന്നാനിക്ക് നേരിട്ട് വ്യാപാര ബന്ധം തുടങ്ങാം. കസ്റ്റംസ്, എമിഗ്രേഷൻ ഓഫിസുകൾ വീണ്ടും തുറക്കണം. കപ്പലിന് വരാൻ പാകത്തിൽ പുതിയ വാർഫ് നിർമിക്കണം. മണ്ണിട്ടുമൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ഇനി ഉണ്ടാകാൻ പാടില്ല. 10 മീറ്ററെങ്കിലും ആഴമുള്ള തീരം പൊന്നാനിക്ക് ഉറപ്പ് നൽകാൻ കഴിഞ്ഞാൽ ഇവിടേക്ക് കപ്പൽ എത്തും. പിന്നെ കപ്പലൊഴിയാത്ത തീരമാകും പൊന്നാനി.

















