KERALA

പൊന്നാനിയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയ സംഭവം; ഇൻസുലിൻ കുത്തിവെച്ചതിന്‍റെ അവശിഷ്ടമെന്ന് അധികൃതര്‍

പുഴയോര പാതയായ പൊന്നാനി കർമ്മ റോഡിലെ ആളൊഴിഞ്ഞ പറമ്ബില്‍നിന്ന് കണ്ടെത്തിയ സിറിഞ്ചുകള്‍ ലഹരിക്കു വേണ്ടി ഉപയോഗിച്ചതല്ലെന്ന് സംയുക്ത പരിശോധനയില്‍ കണ്ടെത്തല്‍.പ്രമേഹ രോഗികള്‍ ഇൻസുലിന് വേണ്ടി ഉപയാഗിച്ച്‌ വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ് ഇവയെന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കർമ്മ റോഡില്‍ ലഹരി ഉപയോഗം വ്യാപകമെന്ന രീതിയിലാണ് ഉപേക്ഷിക്കപ്പെട്ട സിറിഞ്ചുകളുടെ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.പുതുവത്സര ദിനത്തോടനുബന്ധിച്ചായിരുന്നു വീഡിയോ പ്രചരിച്ചത്. കർമ്മ റോഡിലെ ഏതുഭാഗത്താണ് ഇതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കുറ്റിക്കാടിനോട് ചേർന്ന കർമ്മ റോഡിലെ പറമ്ബില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇൻസുലിൻ ഉപയാഗിച്ച്‌ ഉപേക്ഷിച്ച സിറിഞ്ചുകളെന്ന് വ്യക്തമായി. സ്ഥിരമായി ഇൻസുലിൻ ഉപയോഗിക്കുന്ന ആരോ കവറില്‍ കെട്ടി വഴിയില്‍ വലിച്ചെറിഞ്ഞതാണെന്ന് വ്യക്തമാണെന്ന് പരിശോധന സംഘം പറഞ്ഞു. അമ്ബതോളം സിറിഞ്ചുകളാണ് കണ്ടെത്തിയത്. ആളുകളുടെ ശ്രദ്ധ പതിയുന്ന സ്ഥലത്താണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.ലഹരി ഉപയോഗിക്കുന്നവർ ഇങ്ങനെയുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുക്കില്ല. ഇത്രയേറെ ആളുകള്‍ പാതയോരത്തിരുന്ന് ഒരുമിച്ച്‌ ലഹരി ഉപയോഗിക്കില്ലെന്നാണ് നിഗമനം. പുതുവത്സരത്തോടനുബന്ധിച്ച്‌ കർമ്മ റോഡില്‍ രാത്രിയും പകലും കർശന പരിശോധന നടന്നിരുന്നു. സിറിഞ്ചുകള്‍ കണ്ടെത്തിയ മേഖലയിലുംനിരീക്ഷണമുണ്ടായിരുന്നു. സംശയാസ്പദമായ ഒന്നും കണ്ടിരുന്നില്ലെന്നും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.വിഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ അവാസ്തവമാണ്. കണ്ടെടുത്ത സിറിഞ്ചുകള്‍ എക്സൈസിന് കൈമാറി. ഇതുസംബന്ധിച്ച്‌ എക്സൈസ് വിശദമായ പരിശോധന നടത്തും. തെറ്റായ പ്രചരണത്തിന് കാരണമായ വിഡിയോയുടെ ഉറവിടവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button