POLITICS

പൊന്നാനിയില്‍ എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം; പി നന്ദകുമാറും ടി എം സിദ്ധിക്കും സാധ്യത പട്ടികയില്‍

പൊന്നാനി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി നിയമസഭ മണ്ഡലത്തില്‍ സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ കളത്തിലിറക്കാന്‍ സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് ചെറുതെങ്കിലും മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ആലോചനയാണ് സ്വരാജിലേക്കെത്തിയിരിക്കുന്നത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ 1278 വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിനുണ്ട്. മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ നാല് എണ്ണത്തില്‍ യുഡിഎഫിനും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനുമാണ് ഭരണം. തങ്ങളുടെ കോട്ടയായ പൊന്നാനി നഗരസഭ കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 53 വാര്‍ഡുകളില്‍ 30ല്‍ എല്‍ഡിഎഫ് വിജയിച്ചു. 18 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും വിജയിച്ചു.ആലംകോടും പെരുമ്പടപ്പും മാറഞ്ചേരിയും നന്നംമുക്കും യുഡിഎഫിന് ലഭിച്ചു. പൊന്നാനി നഗരസഭയെ കൂടാതെ വെളിയങ്കോട് പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. മണ്ഡലത്തിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്. ഈ സാഹചര്യത്തിലാണ് സ്വരാജിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കംനിലവിലെ എംഎല്‍എ പി നന്ദകുമാറും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി എം സിദ്ധിഖും പൊന്നാനിയിലേക്കുള്ള സാധ്യത പട്ടികയിലിടം തേടിയിട്ടുണ്ട്. ടി എം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനിയില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ടി എം സിദ്ധിഖിന്റെ പേരും ഇത്തവണ കാര്യമായി തന്നെ പരിഗണിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി എം സിദ്ധിഖ് വലിയ വോട്ടുകള്‍ക്കാണ് വിജയിച്ചത്. വെളിയങ്കോട് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കുന്നതില്‍ ടി എം സിദ്ധിഖിന്റെ സ്ഥാനാര്‍ത്ഥിത്വം നിര്‍ണായക പങ്ക് വഹിച്ചെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button