പൊന്നാനിയില്‍ ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു
പൊന്നാനി: ആതുരസേവന രംഗത്ത് പൊന്നാനിയുടെ നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ പൊന്നാനിയില്‍ ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
താഴത്തെ നിലയുടെ പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്ബൗണ്ടിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
താലൂക്കില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് നിര്‍മിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. നാഷനല്‍ ഹെല്‍ത്ത് മിഷന്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്.ഡോക്ടേഴ്സ് റൂം, കമ്ബോണന്റ് സ്റ്റോര്‍, കമ്ബോണന്റ് പ്രോസസ്സിങ് റൂം, ഗ്രൂപ്പിങ് ആന്‍ഡ് ക്രോസ് മാച്ചിങ് റൂം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിര്‍മിക്കുന്നത്. നിര്‍മാണം മാസങ്ങള്‍ക്കകം പൂര്‍ത്തിയാകും. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളില്‍ ഇരുനില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ട്ഇതടക്കം 3.22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാവുന്നത്. പേവാര്‍ഡും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയില്‍ നിര്‍മിക്കുക. രോഗികള്‍ക്ക് പേ വാര്‍ഡിലേക്ക് പോകാന്‍ ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും. സര്‍ക്കാര്‍ ഏജന്‍സിയായ വാപ്കോസിനാണ് നിര്‍മാണ ചുമതല.
അതേസമയം, ബ്ലഡ് ബാങ്കിനായുള്ള ലൈസന്‍സ് കടമ്ബ ഇനിയും പിന്നിടേണ്ടതുണ്ട്. സംസ്ഥാന-കേന്ദ്ര പരിശോധന പൂര്‍ത്തീകരിച്ച് ലൈസന്‍സ് അനുവദിക്കാന്‍ മാസങ്ങളെടുക്കും. നിലവില്‍ പൊന്നാനിയില്‍ ബ്ലഡ് ബാങ്കില്ലാത്തത് രോഗികള്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരൂര്‍ ജില്ല ആശുപത്രിയില്‍ നിന്നോ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണ്. പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികള്‍ക്കും പ്രസവത്തിനെത്തുന്നവര്‍ക്കും വലിയ ആശ്വാസമാവും