പൊന്നാനിയിലെ പ്രവാസിയുടെ വീട്ടിലെ സ്വർണ്ണ കവർച്ച; തൊണ്ടിമുതൽ പ്രദർശിപ്പിച്ച് പോലീസ്

പൊന്നാനി ബിയ്യത്തെ പ്രവാസിയുടെ വീട്ടിൽ നിന്നും 550 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിനോടുവിൽ പിടികൂടിയ പ്രതികളെ യും തൊണ്ടിമുതലും പോലീസ് പ്രദർശിപ്പിച്ചു. വിദഗ്ധ അന്വേഷണത്തിന് ഒടുവിൽ 438 പവൻ സ്വർണവും 29 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിരുന്നു.
പോലീസിനെ മോഷണം മുതലിലേക്ക് അടുപ്പിക്കാതിരിക്കാൻ കഴിയാവുന്നത്ര പ്രതികൾ ശ്രമിച്ചിരുന്നു. എങ്കിലും ഇവരുടെ കുതന്ത്രങ്ങൾ പൊളിച്ചടുക്കിയാണ് പോലീസ് സ്വർണ്ണം കണ്ടെത്തിയത്. പ്രതിയായ സുഹൈൽ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ഒരാൾക്ക് സ്വർണ്ണം വിൽക്കാൻ നൽകിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ തമിഴ്നാട് സ്വദേശിയായ രണ്ടു പേർക്ക് നൽകി എന്നും പറഞ്ഞു. എന്നാൽ ഇതെല്ലാം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നൽകിയ മൊഴികൾ ആയിരുന്നു എന്ന് മനസ്സിലായി. ശാസ്ത്രീയമായ ചോദ്യം ചെയ്യലിന്റെ അവസാനത്തിൽ ഗത്യന്തരം ഇല്ലാതെ സ്വർണ്ണവും പണവും കുഴിച്ചിട്ടതായി പ്രതികൾ സമ്മതിക്കുകയായിരുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി ഇ. ബാലകൃഷ്ണൻ , പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, പോത്തുകല്ല് പോലീസ് ഇൻസ്പെക്ടർ ദീപ കുമാർ, പൊന്നാനി പോലീസും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തിരൂർ, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ , മലപ്പുറം എന്നീ സബ് ഡിവിഷനുകളിലെ ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന സംഘമാണ് കേസിൽ അന്വേഷണം നടത്തിയത്
