പൊന്നാനിയിലെ തെരുവുനായ ഭീഷണി; പദ്ധതി ആവിഷ്ക്കരിക്കുമെന്ന് നഗരസഭ ചെയര്മാന്
തെരുവുനായ ഭീഷണി തടയാന്‍ മലപ്പുറം പൊന്നാനിയില്‍ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം . നഗരസഭ പരിധിയില്‍ ഒന്നര വയസുകാരനടക്കം തുടര്‍ച്ചയായി കുട്ടികള്‍ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
തെരുവുനായ്ക്കളെ പേടിച്ചിട്ട് മുതിര്‍ന്നവര്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം പൊന്നാനിയില്‍ തുടരുകയാണ്. വന്ധീകരണത്തിന് നിബന്ധന പ്രകാരം പരീശീലനം നേടിയവരെ കിട്ടാനില്ലാത്തതുകൊണ്ട് തെരുവു നായ്ക്കളെ നിയന്ത്രിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടുകയായിരുന്നു നഗരസഭ. നഗരത്തില്‍ അലയുന്ന നൂറു കണക്കിന് തെരുവുനായ്ക്കളെ പിടികൂടി അടച്ചുറപ്പുളള ഒരു കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
തൃക്കാവിലെ ഒന്നര വയസുകാരന് ഒരാഴ്ച മുന്‍പാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ തലയ്ക്ക് പിന്നിലും ദേഹത്തുമായി 26 മുറിവുകളുണ്ടായിരുന്നു. അടുത്ത വീട്ടിലെ നാലു വയസുകാരിയേയും തെരുവു നായക്കൂട്ടം ആക്രമിച്ചിരുന്നു. മതില്ക്കെട്ടുളള വീടിന്റെ മുറ്റത്ത് എത്തിയായിരുന്നു കുട്ടികളെ വളഞ്ഞിട്ട് കടിച്ചത്. നായ്ക്കൂട്ടങ്ങളെ പേടിച്ചിട്ട് വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലും മദ്രസയിലും പോവാനാവാത്ത സാഹചര്യം പൊന്നാനിയില്‍ തുടരുകയാണ്.