പൊന്നാനിയിലെ കോടതിക്കെട്ടിടം: മ്യൂസിയമാക്കാൻ പദ്ധതി
പൊന്നാനി : ഏറെ പഴക്കമുള്ള പൊന്നാനിയിലെ കോടതിക്കെട്ടിടം മ്യൂസിയമാക്കാൻ പദ്ധതി. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച കെട്ടിടം ചരിത്രമ്യൂസിയമായി സംരക്ഷിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. അതേസമയം പൊന്നായിൽനിന്ന് കോടതി മാറ്റുന്നതിനെതിരേ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
1859-ൽ നിർമിച്ച കെട്ടിടത്തിലാണ് പൊന്നാനി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി പ്രവർത്തിക്കുന്നത്. കാലപ്പഴക്കംചെന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും കോടതി ഇവിടെനിന്ന് മാറ്റുന്നതിനോട് പലർക്കും വിയോജിപ്പുണ്ട്. സബ്ട്രഷറിയും സബ് രജിസ്ട്രാർ ഓഫീസും ഇവിടെനിന്നു മാറ്റിയെങ്കിലും കോടതിയും ഫിഷറീസ്, ലീഗൽ മെട്രോളജി തുടങ്ങിയവയും ഇപ്പോഴും ഇവിടെയുണ്ട്.
കെട്ടിടം അറ്റകുറ്റപ്പണി നടത്തി നവീകരിച്ച് മ്യൂസിയമായി നിലനിർത്തുന്നതിന് തിരുവനന്തപുരത്തെ പൊതുമരാമത്തുവിഭാഗം ആർക്കിടെക്ചറൽ വിഭാഗമാണ് പദ്ധതി തയ്യാറാക്കിയത്.
5.64 കോടി രൂപയാണ് നവീകരണത്തിനായി ചെലവ് കണക്കാക്കിയിട്ടുള്ളത്. നിള ഹെറിറ്റേജ് മ്യൂസിയം, മറൈൻ മ്യൂസിയം എന്നിവയുടെ നിർമാണം എങ്ങുമെത്താതെ കിടക്കുമ്പോൾ പൊന്നാനിയിൽ മറ്റൊരു മ്യൂസിയത്തിനുകൂടി ശ്രമം നടത്തുന്നതും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
കണ്ടനകത്ത് കണ്ടെത്തിയ സ്ഥലത്തേക്ക് കോടതി മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച് ബാർ കൗൺസിലിനോട് അഭിപ്രായം തേടിയിട്ടുണ്ടെങ്കിലും നിലപാട് വ്യക്തമാക്കിയിട്ടില്ല.
വർഷങ്ങളായി പ്രവർത്തിക്കുന്ന കോടതി പൊന്നാനിയിൽനിന്ന് മാറ്റരുതെന്ന അഭിപ്രായം അഭിഭാഷകർക്കിടയിൽത്തന്നെയുണ്ട്.