പൊന്നാനിയിലെ ഇ-ചലാൻ അദാലത്ത്; എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ.

പൊന്നാനിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ ഇ-ചലാൻ അദാലത്ത്. പൊന്നാനി: മോട്ടോർ വാഹന വകുപ്പ് ഇ-ചലാൻ അദാലത്തിന്റെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽനിന്ന് എട്ട് മണിക്കൂറിൽ ലഭിച്ചത് 5.6 ലക്ഷം രൂപ. ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട ചലാനുകളും എ.ഐ കാമറ പിഴകളും ഓൺലൈനായി അടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് സബ് ആർ.ടി.ഒ ഓഫിസിൽ അദാലത്ത് സംഘടിപ്പിച്ചത്. 263 വാഹന ഉടമകളുടെ 478 ഓളം ചലാൻ ഫൈനുകൾ ഒറ്റത്തവണയായി അടച്ചുതീർപ്പാക്കി. രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട് അഞ്ചുവരെ നീണ്ടു. 2021 മുതൽ അടക്കാൻ സാധിക്കാത്ത വെർച്വൽ കോടതി പ്രോസിക്യൂഷൻ അടക്കമുള്ള പിഴകളുടെ തീർപ്പാക്കൽ, ഓൺലൈൻ പേയ്മെന്റിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള സഹായം, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് പിഴ ഉണ്ടോ എന്നറിയാനുള്ള സൗകര്യം എന്നിവ ഉണ്ടായിരുന്നു. പൊന്നാനി ജോ. ആർ.ടി.ഒയുടെ ചുമതലയുള്ള ജസ്റ്റിൻ മാളിയേക്കൽ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.കെ. അനൂപ്, അരുൺ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മുഹമ്മദ് അശ്റഫ് സൂർപ്പിൽ, എം.ടി. റിച്ചാർഡ്, അബ്ദുൽ ഗഫൂർ, അൻഷാദ്, രാജേഷ്, മനോഹരൻ എന്നിവരും നിതിൻ, വിപുൽ, ശ്രീനിവാസൻ തുടങ്ങിയവരും നേതൃത്വം നൽകി.
