‘പൊതു വിദ്യാഭ്യാസം; പ്രചാരണമല്ല പ്രതിവിധിയാണ് വേണ്ടത്’ എ ഇ ഒ വിന് നിവേദനം സമർപ്പിച്ചു

എടപ്പാൾ: ‘പൊതു വിദ്യാഭ്യാസം പ്രചാരണമല്ല, പ്രതിവിധിയാണ് വേണ്ടത്’ എന്ന പേരിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെൻറ് (കെ എസ് ടി എം) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വിജയകുമാരിക്ക് നിവേദനം സമർപ്പിച്ചു.
കുട്ടികളുടെ സന്തുലിത വികാസം ലക്ഷ്യമാക്കി കരിക്കുലം പരിഷ്കരിക്കുക, മൂല്യനിർണയ രീതി ഉടച്ചുവാർക്കുക, മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ഉപകരണങ്ങളും ഫ്രീ ഡാറ്റയും ഉറപ്പുവരുത്തുക, ഒഴിഞ്ഞുകിടക്കുന്ന പ്രധാനധ്യാപക തസ്തികകൾ ഉടൻ നികത്തുക, എയ്ഡഡ് നിയമനങ്ങളിൽ സംവരണം നിർബന്ധമാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുക, ഉടനെ പ്രസിദ്ധീകരിക്കാനിരിക്കുന്ന എൽ.പി.എസ്.എ ചുരുക്കപ്പട്ടികയിൽ ഒഴിവിന് ആനുപാതികമായി ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളിക്കുക, പ്രൈമറിക്ക് ഡയരക്ട്രേറ്റ് സ്ഥാപിക്കുക, അഞ്ച് വർഷം പൂർത്തിയാക്കിയ ഹയർ സെക്കൻ്ററി ജൂനിയർ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
കെ എസ് ടി എം സബ്ജില്ലാ പ്രസിഡൻറ് ടി എ അബ്ദുൽ കരീം മാസ്റ്റർ, ജോ. സെക്രട്ടറി വി വി മുഹമ്മദ് ഫസലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
