പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പ്രവർത്തനസജ്ജം
പെരിന്തൽമണ്ണ: മൂസക്കുട്ടി സ്മാരക മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ അനർട്ട് സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ രണ്ടുവർഷത്തിനുശേഷം ഉദ്ഘാടനത്തിനൊരുങ്ങി. 24ന് രാവിലെ പത്തിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. അനർട്ടിന്റെ ജില്ലയിലെ ആദ്യത്തെ ഇ. വി ചാർജിങ് സ്റ്റേഷനാണിത്. 60 കിലോ വാട്ട്,22 കിലോ വാട്ട്, ഷാഡമോ എന്നിങ്ങനെ മൂന്ന് ചാർജിങ് ഗണ്ണുകൾ മെഷീനിലുണ്ട്.
കാറുകളിൽ ഉപയോഗിക്കുന്നതാണ് ഷാഡോമൊ ഗൺ. ഭാവിയിലെ മാറ്റം കൂടി ഉൾക്കൊള്ളാൻ ഇതിലൂടെ സാധിക്കും. ഒരേ സമയം രണ്ട് കാറുകൾക്ക് ചാർജ് ചെയ്യാനാകും. ഫുൾ ചാർജിംഗിന് 30 മുതൽ 45 മിനിറ്റ് മതിയാകും. ഒരു യൂണിറ്റിന് 13 രൂപയും ജിഎസ്ടിയും നൽകണം. ആപ്പ് വഴി പണമടയ്ക്കാം. ചാർജിങ് നിയന്ത്രിക്കുന്നത് ആപ്പ് വഴിയായതിനാൽ ജീവനക്കാരുടെ ആവശ്യമില്ല. ജില്ലയിലെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും പൊതു ചാർജിങ് സ്റ്റേഷൻ ഗുണകരമാകും.