പേരിന് മുന്നിലെ സ്രായി തേടി നടന്‍ ജോയി മാത്യു സ്രായിക്കടവിലെത്തി
ചങ്ങരംകുളം: വീട്ടുപേരിന്റെ മുന്നിലെ സ്രായില്‍ ‘ എന്ന നാട് കണ്ടെത്താനായി വര്‍ഷങ്ങളായി നടത്തിയ അന്വേഷണമാണ് കാട്ടകാമ്പാല്‍ സ്രായിക്കടവില്‍ ജോയ് മാത്യുവിനെ എത്തിച്ചത്. മുത്തച്ഛന്‍ വര്‍ഗീസ് ജനിച്ചു വളര്‍ന്ന സ്രായിക്കടവിനെ പറ്റി മുത്തശ്ശി കുഞ്ഞിറ്റിയില്‍ നിന്നാണ്സ്രായില്‍ എന്ന അപ്പൂർവ്വമായ പേര് ജോയി മാത്യു അറിഞ്ഞത്.
സ്രായില്‍ പുലിക്കോട്ടില്‍ കുടുംബാഗമായ വര്‍ഗീസ് ചെറുപ്രായത്തില്‍ കച്ചവടത്തിനായി നാടുവിട്ടതാണ്. ചാലിശേരിയില്‍ നിന്ന് കല്യാണം കഴിച്ച വര്‍ഗീസ് ഭാര്യ കുഞ്ഞിറ്റിയുമായി പലനാടുകളിലും കച്ചവടത്തിനെത്തി. ഇതോടെ നാട്ടിലെ ബന്ധം മുറിഞ്ഞു.
കോഴിക്കോട് താമസമാക്കിയ ജോയി മാത്യു വീട്ടുപേരിന് മുന്‍പിലെ ‘ സ്രായില്‍’ അന്വേഷിച്ചതോടെയാണ് കാട്ടകാമ്പാല്‍ ബന്ധം അറിയുന്നത്. മുത്തശ്ശി കുഞ്ഞിറ്റിയില്‍ നിന്നറിഞ്ഞ സ്രായിക്കടവിനെ പറ്റി നടന്‍ വി.കെ.ശ്രീരാമനില്‍ നിന്ന് കൂടുതല്‍ അറിഞ്ഞു. കുന്നംകുളത്തെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജോയി മാത്യു കാട്ടകാമ്പാല്‍ സ്വദേശി പി.സി.ബിനോയിയുമൊത്ത് സ്രായിക്കടവ് ആദ്യമായി കാണാനെത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്.മണികണ്ഠനില്‍ നിന്ന് നാടിന്റെ ചരിത്രം ചോദിച്ചറിഞ്ഞ ജോയി മാത്യു സ്രായിക്കടവിന്റെ ഇസ്രയേല്‍ ബന്ധവും വിശദീകരിച്ചു .അതിങ്ങനെ…ഇസ്രയേലില്‍ നിന്നെത്തിയ യഹൂദ വ്യാപാരി കാട്ടകാമ്പാല്‍ സ്രായിക്കടവില്‍ വഞ്ചിയില്‍ സാധനങ്ങളായി എത്തിയെന്നും അവിടെ കുടുങ്ങിയ ആ യഹൂദ വ്യാപാരി പിന്നീട് ആ നാട്ടില്‍ ദീര്‍ഘനാള്‍ താമസിക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇസ്രയേലി പൗരന്‍ താമസിച്ച കടവ് ലോപിച്ച് സ്രായിക്കടവ് ആയെന്നും കേട്ടതായും ജോയി മാത്യു പറഞ്ഞു.
സ്രായിക്കടവ് പാലത്തിലൂടെ നടന്ന് പ്രകൃതിഭംഗി ആസ്വദിച്ച ജോയി മാത്യു സമീപത്തെ ചായക്കടയില്‍ നിന്ന് ചായ കുടിച്ച് നാട്ടുകാരോട് വിവരങ്ങള്‍ അന്വേഷിച്ചു. മനോഹരമായ സ്രായിക്കടവില്‍ നിന്നും എന്തിന് പൂര്‍വികര്‍ നാടുവിട്ടെന്ന ആശ്ചര്യവും അദ്ദേഹം പങ്ക് വെച്ചു. കുട്ടനാടിന്റെ പ്രകൃതി ഭംഗിയോട് സാമ്യമുള്ള സ്രായിക്കടവില്‍ ടൂറിസം കേന്ദ്രമാക്കണമെന്ന നിര്‍ദേശവും നല്‍കിയാണ് അദ്ദേഹം മടങ്ങിയ്.