മലപ്പുറം കരുവാരകുണ്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍ പതിവാകുന്നു


മലപ്പുറം: കരുവാരകുണ്ടില്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച സജീവമെന്ന് പരാതി. കഴിഞ്ഞ ദിവസം മഞ്ഞള്‍പ്പാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ രണ്ടു നേര്‍ച്ചപ്പെട്ടികള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സമീപത്തെ ഭജനമഠത്തിന്റെ ഭണ്ഡാരവും പൊട്ട്യാറയിലെ ഒമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയും തകര്‍ത്തിട്ടുണ്ട്. ഏതാനും മാസം മുമ്പ് വരെ കരുവാരക്കുണ്ടില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണങ്ങള്‍ പതിവായിരുന്നു.
പിന്നീട് കേസിലെ പ്രതിയെ പൊലീസ് പിടികൂടിയതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്തായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം സജീവമായിരിക്കുകയാണ്. മഞ്ഞള്‍പ്പാറയിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ രണ്ടു ഭണ്ഡാരങ്ങളുടെ പൂട്ടുകളാണ് തകര്‍ക്കപ്പെട്ടത്. നേരത്തെയും മോഷണം നടന്നതിനാല്‍ ഭണ്ഡാരത്തില്‍ ആരും അടുത്തൊന്നും പണം നിക്ഷേപിച്ചിരുന്നില്ല. അതുകൊണ്ട് നഷ്ടം ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഭജനമഠത്തിലെ ഭണ്ഡാരത്തിലും പൊട്ട്യാറയിലെ ഒമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടിയിലും പണം ഉണ്ടായിരുന്നുവെന്നാണ് വിവരം. നാലു ഭണ്ഡാരങ്ങളുടെ പൂട്ടുകളും സമാന രീതിയിലാണ് തകര്‍ത്തിട്ടുള്ളത്. സംഭവത്തെ തുടര്‍ന്നു കരുവാരക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
