പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ ‘ആരവ് 2k26’വാർഷികാഘോഷം സംഘടിപ്പിച്ചു
കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിന്റെ 51-ാം വാർഷികാഘോഷം ‘ആരവ് 2k26’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാലയ മുറ്റത്ത് നടന്ന ചടങ്ങിൽ ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് ടി.പി. അജ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അജിത് കുമാർ, ബി.ആർ.സി ഇൻ ചാർജ് ഷാഹില എന്നിവർ മുഖ്യാതിഥികളായി. അൻപത്തിയൊന്നാം മൈൽക്കുറ്റി പിന്നിടുന്ന വിദ്യാലയത്തിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും ചടങ്ങിന്റെ ഭാഗമായി നടന്നു. എൽ.എസ്.എസ് (LSS) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, പ്രീ-പ്രൈമറി വിദ്യാർത്ഥികളുടെ കോൺവോക്കേഷൻ ചടങ്ങും വേദിയിൽ വെച്ച് നടന്നു.
അംഗൻവാടി കുട്ടികൾ, പ്രീ-പ്രൈമറി, എൽ.പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൻവർ മാസ്റ്റർ, എസ്.എം.സി ചെയർമാൻ അഷ്റഫ് മൂടാൽ, സുനിൽകുമാർ മാസ്റ്റർ, പി. ദേവനാഥൻ, ഹാഷിം ജമാൻ മുക്കറക്കാട്ടിൽ, ജാഫർ പൈങ്കൽ, സി.പി ഫാസിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
സ്കൂൾ എച്ച്.എം കെ. കൃഷ്ണകുമാർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പ്രസീത ടീച്ചർ നന്ദിയും രേഖപ്പെടുത്തി. രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരുമടക്കം വൻ ജനപങ്കാളിത്തത്തോടെയാണ് വാർഷികാഘോഷം സമാപിച്ചത്
ഫോട്ടോ: വാർഷികാഘോഷം
ഇല ഫൗണ്ടേഷൻ സ്ഥാപകൻ നജീബ് കുറ്റിപ്പുറം ഉദ്ഘാടനം ചെയ്യുന്നു.