പൂക്കറത്തറ ഹൈസ്കൂൾ പ്രധാനാധ്യാപകൻ വി ഹമീദ് വിരമിച്ചു
എടപ്പാൾ : മുപ്പതു വർഷത്തെ സേവനത്തിനു ശേഷം പൂക്കറത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനധ്യാപകൻ വി ഹമീദ് സർവീസിൽ നിന്ന് വിരമിച്ചു. 1995 ജൂൺ 20ന് ആണ് എടപ്പാൾ ദാറുൽ ഹിദായ മാനേജ്മെന്റ് പൂക്കറത്തറ ഹൈസ്കൂൾ ആരംഭിക്കുന്നത്. എടപ്പാൾ പഞ്ചായത്തിൽ സർക്കാർ, എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ ഇല്ലാത്തതിനാൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഈ ടി മുഹമ്മദ് ബഷീറാണ് ഇവിടെ സ്കൂൾ അനുവദിച്ചത്.
1994 മുതൽ എടപ്പാൾ ദാറുൽ ഹിദായ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന വി ഹമീദിനെ ആദ്യത്തെ പ്രധാനാധ്യാപകനായി നിയമിച്ചു. 1998 മുതൽ 2005 വരെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ആയിരുന്ന ഹമീദ് 2006 മുതൽ 2025 മെയ് 31ന് വിരമിക്കുന്നതുവരെ ഹൈസ്കൂൾ വിഭാഗം പ്രധാനാധ്യാപകനായിരുന്നു. ഹെഡ്മാസ്റ്റേഴ്സ് ഫോറം തിരൂർ വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ആയും കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ പരീക്ഷ വിഭാഗം കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കെ പി എച് എസ് എ സംസ്ഥാന വൈസ് പ്രസിഡണ്ട് ആണ്.
പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് കുന്നനയിൽ വെളിയത്ത് ബാപ്പു-ഫാത്തിമ എന്നിവരുടെ മകനായി ജനിച്ച ഹമീദ് പെരുമ്പടപ്പ് എൽ പി സ്കൂൾ, എരമംഗലം യൂ പി സ്കൂൾ, ചാവക്കാട്, മാറഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. പൊന്നാനി എം ഈ എസ് കോളേജിൽ നിന്ന് ഡിഗ്രിയും ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എഡും കരസ്ഥമാക്കി. അണ്ണാമല യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
1995-ൽ 46 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. തുടർച്ചയായി രണ്ടു വർഷം (2023, 24) എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം നേടിക്കൊടുത്തും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ റിസൾട്ട് പ്രഖ്യാപിച്ച അതേ ദിവസം തന്നെ മണിക്കൂറുകൾക്കുള്ളിൽ ആദരിക്കുന്ന സമ്പ്രദായത്തിന് തുടക്കമിട്ടുമാണ് വി ഹമീദ് സ്കൂളിൽ നിന്ന് വിരമിക്കുന്നത്. പേരുമ്പടപ്പ് അയിരൂർ യൂ പി സ്കൂൾ അദ്ധ്യാപിക താഹിറയാണ് ഭാര്യ. രണ്ടു ആൺകുട്ടികൾ- തൻസീഹ്, തബ്ഷീർ. മരുമകൾ: ആയിഷ.